പ്രതിദിന വാക്‌സിനേഷൻ രണ്ടര ലക്ഷമായി ഉയർത്തും, മൂന്നാം കൊവിഡ് തരംഗം നേരിടാൻ ആക്ഷൻ പ്ലാനുമായി കേരളം

തിങ്കള്‍, 14 ജൂണ്‍ 2021 (15:04 IST)
കൊവിഡിന്റെ മൂന്നാംതരംഗത്തെ മുന്നിൽ‌ കണ്ട് ആശുപത്രികളിലെ ചികിത്സാസൗകര്യം വർധിപ്പിക്കുന്നതോടൊപ്പം സംസ്ഥാനത്തെ പരമാവധി ജനങ്ങൾക്ക് വാക്‌സിൻ നൽകി സുരക്ഷിതരാക്കാൻ ശ്രമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 
 
പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. അതിന് ആവശ്യമായ വാക്സിന്‍ ലഭ്യമാക്കേണ്ടതാണെന്നും സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.രജിസ്ട്രേഷന്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിക്കും. കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം.
 
മൂന്നാം തരംഗം മുന്നില്‍ കണ്ട് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കും. ഓക്സിജന്‍ കിടക്കകള്‍, ഐ.സി.യു., വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണവും കൂട്ടും.ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.മരുന്നുകള്‍, ഉപകരണങ്ങള്‍, പരിശോധനാ സാമഗ്രികള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നേരത്തെ തന്നെ സംഭരിക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി.
 
മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ട് പീഡിയാട്രിക് ഐ.സി.യു. കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പരിശീലനം നൽകും. കുടുംബത്തിലെ ഒരംഗത്തില്‍ നിന്നും മറ്റുള്ളവരിലേക്ക് കോവിഡ് പകരാനുള്ള സാഹചര്യത്തെ മുൻനിർത്തി വീട്ടില്‍ സൗകര്യമില്ലാത്തവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റുന്നതാണ്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു പരിപാടിയും ആരോഗ്യ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കരുതെന്നും മന്ത്രി നിര്‍ദേശം നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍