എ,ഐ ഗ്രൂപ്പുകള്‍ക്ക് പൂട്ടിടാന്‍ കെ.സി.വേണുഗോപാലിന്റെ നീക്കം. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തീരുമാനിച്ചതില്‍ അടക്കം നിര്‍ണായ സ്വാധീനമായത് വേണുഗോപാല്‍. എ,ഐ ഗ്രൂപ്പുകളുടെ പോരടിക്കലാണ് കേരളത്തില്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയതെന്ന് വേണുഗോപാല്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകള്‍ക്ക് അതീതമായി നേതൃസ്ഥാനത്തേക്ക് വി.ഡി.സതീശനെയും കെ.സുധാകരനെയും കൊണ്ടുവന്നത്.
കെ.സി.വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസിനുള്ളില്‍ എല്ലാ തലത്തിലും മാറ്റം കൊണ്ടുവരികയാണ് വേണുഗോപാല്‍ ഉദ്ദേശിക്കുന്നത്. വര്‍ക്കിങ് പ്രസിഡന്റുമാരെ അടക്കം തീരുമാനിച്ചതില്‍ വേണുഗോപാല്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. എ,ഐ ഗ്രൂപ്പുകളുടെ വീതംവയ്പ്പ് രാഷ്ട്രീയത്തെ പടിക്ക് പുറത്ത് നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഹൈക്കമാന്‍ഡില്‍ ഏറ്റവും സ്വാധീനവുമുള്ള വേണുഗോപാല്‍ കേരളത്തിലെ നേതൃത്വത്തിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും തന്റെ നേതൃത്വത്തിലുള്ള ഒരു നിരയെ കേരളത്തില്‍ സൃഷ്ടിക്കാനാണ് വേണുഗോപാലിന്റെ നീക്കം. എ,ഐ ഗ്രൂപ്പുകളെ വെട്ടിനിരത്തി ഔദ്യോഗിക പക്ഷമാകാനാണ് വേണുഗോപാലും സംഘവും പരിശ്രമിക്കുന്നത്. ഇതിലൂടെ 2026 ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുക എന്ന മോഹവും പൂവണിയും.