കെസി ജോസഫിനെ വെട്ടിലാക്കി ഹൈക്കോടതി; ഖേദം പ്രകടിപ്പിക്കാന്‍ മന്ത്രി കുട്ടിയല്ല, മാർച്ച് ഒന്നിന് ഹാജരാവണം

ചൊവ്വ, 16 ഫെബ്രുവരി 2016 (16:25 IST)
കോടതിയലക്ഷ്യ കേസിൽ മന്ത്രി കെസി ജോസഫിനോട് മാർച്ച് ഒന്നിന് നേരിട്ട് ഹാജാരാവാൻ ഹൈക്കോടതി ഉത്തരവിട്ടു. നേരിട്ട് ഹാജരായ ശേഷം മന്ത്രിയുടെ മാപ്പപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഖേദം പ്രകടിപ്പിക്കാന്‍ മന്ത്രി കുട്ടിയല്ലെന്നും സത്യവാങ്മൂലം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു തളളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ഹൈക്കോടതി ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെ ചായത്തൊട്ടിയില്‍ വീണ കുറുക്കനോട് ഉപമിച്ച ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി എംഎല്‍എയാണ് ഹര്‍ജി നല്‍കിയത്. ജൂലൈ 24ന് സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രി ജഡ്ജിക്കെതിരെ നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാര്‍ മുഖേനയാണ് ശിവന്‍കുട്ടി എംഎല്‍എ കോടതിയുടെ പരിഗണനക്കായി ഹര്‍ജി സമര്‍പ്പിച്ചത്.

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നടത്തിയ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു കെസി ജോസഫിന്റെ അവഹേളനം.

വെബ്ദുനിയ വായിക്കുക