ആര്‍എസ്എസ് ജില്ലാ നേതാവായിരുന്ന കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടിഐ മധുസൂദനന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവില്‍ മധുസൂദനനെതിരേ ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കേസിലെ മുഖ്യപ്രതി വിക്രമന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടാന്‍ സഹായം ചെയ്തുവെന്നതാണ് മധുസൂദനനെതിരെയുള്ള പ്രധാന കുറ്റം. കേസില്‍ ഇരുപതാം പ്രതിയാണ് മധുസൂദനന്‍. നേരത്തെ ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷയും കോടതി തളളിയിരുന്നു.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് ശേഷം പാര്‍ട്ടി പദവിയില്‍ നിന്നും മധുസൂദനന്‍ അവധിയെടുത്തിരിക്കുകയാണ്. സിആര്‍പിസി 160 പ്രകാരം മൊഴി നല്‍കാന്‍ ഹാജരാകാന്‍ സിബിഐ രണ്ടു തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും മധുസൂദനന്‍ ഹാജരായിട്ടില്ല. എന്നാല്‍ ജയരാജനും മധുസൂദനുമെതിരെ സിബിഐയുടെ കയ്യില്‍ ശക്തമായ തെളിവുകളുണ്ടെന്നാണ് വിവരം.