കാരായിമാര്‍ക്ക് കണ്ണൂരിലേക്ക് പോകാന്‍ അനുമതി

വെള്ളി, 9 ഒക്‌ടോബര്‍ 2015 (18:35 IST)
തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കണ്ണൂരില്‍ പോകാന്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും അനുമതി. ഹൈക്കോടതിയാണ് അനുമതി നല്കിയത്. നാമനിര്‍ദ്ദേശപത്രിക നല്കാന്‍ കണ്ണൂരില്‍ പോകാനാണ് അനുമതി നല്കിയിട്ടുള്ളത്. 
 
ഫസല്‍ വധക്കേസ് പ്രതികളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് രണ്ടുപേര്‍ക്കും പ്രത്യേക സി ബി ഐ കോടതി ജാമ്യം നല്‍കിയിരുന്നത്.
 
കണ്ണൂരിലേക്ക് പോകുന്നതിന് മുമ്പ് രണ്ടു പേരും കോടതിയില്‍ സത്യവാങ്മൂലം നല്‍കണം. സന്ദര്‍ശിക്കുന്ന  സ്ഥലങ്ങളേതെന്ന് നേരത്തെ കോടതിയെ അറിയിക്കണമെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിക്കില്ലെന്ന് ഉറപ്പു നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
 
സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ ജില്ലാ പഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭയിലേക്കുമാണ് മത്സരിക്കുന്നത്.

വെബ്ദുനിയ വായിക്കുക