എ.ഐ ക്യാമറയെ കാര്യമാക്കിയില്ല : ബൈക്ക് യാത്രക്കാരന് 86,500 രൂപ പിഴയിട്ടു മോട്ടോർ വാഹന വകുപ്പ്

എ കെ ജെ അയ്യര്‍
വ്യാഴം, 9 നവം‌ബര്‍ 2023 (13:02 IST)
കണ്ണൂർ: വിവിധ റോഡുകളിലായി സ്ഥാപിച്ചിട്ടുള്ള എ.ഐ ക്യാമറയെ കാര്യമാക്കാതെ "ഒന്നും സംഭവിക്കില്ല" എന്ന് കരുതി തുടർച്ചയായി ബൈക്ക് യാത്രക്കിടെ നിയമ ലംഘനം നടത്തിയ യുവാവിന് ഒടുവിൽ മോട്ടോർ വാഹന വകുപ്പിന്റെ പിഴയെത്തി - കൂടുതലൊന്നുമില്ല 86,500 രൂപാ മാത്രം. കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലെ ക്യാമറയിലാണ് കഴിഞ്ഞ മൂന്നു മാസങ്ങൾക്കുള്ളിൽ 150 ലേറെ തവണ നിയമലംഘന ദൃശ്യം പതിഞ്ഞത്.

പിഴ അടയ്ക്കാനുള്ള നോട്ടീസ് മൊബൈലിൽ ലഭിച്ചിട്ടും ഇയാൾ ഇതൊന്നും കാര്യമാക്കിയില്ല. ഇതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ നേരിട്ടെത്തുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ ചെറുകുന്ന് സ്വദേശിയായ 25 കാരനാണ് തുടർച്ചയായി നിയമ ലംഘനം നടത്തിയത്.

ആദ്യത്തെ ശിക്ഷ എന്ന നിലയ്ക്ക് ഇയാളുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇയാളുടെ ബൈക്കിന്റെ വിലയാകട്ടെ ഒന്നര ലക്ഷത്തോളം രൂപാ മാത്രമാണുള്ളത്. പിഴ അടയ്ക്കാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നാണ് ഉദ്യോഗസ്ഥർ യുവാവിനെ  അറിയിച്ചത്. ഹെൽമറ്റ് ധരിക്കാതെയും മൂന്നു പേരുമായി ബൈക്കിൽ യാത്ര ചെയ്തതും പിൻസീറ്റിലെ യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാത്തതിനുമായാണ് കൂടുതലും പിഴ നൽകിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article