കണ്ണൂരില്‍ വീണ്ടും ബോംബ് രാഷ്ട്രീയം, സംഘര്‍ഷ ഭീതിയില്‍ നാട്ടുകാര്‍
വ്യാഴം, 16 ഒക്‌ടോബര്‍ 2014 (15:43 IST)
കതിരൂര്‍ കൊലപാതകത്തോടെ കണ്ണുരില്‍ ഇരുണ്ടുകൂടിയ രാഷ്ട്രീയ അസഹിഷ്ണുത ബോംബുകളുടെ രീതിയില്‍ പൊട്ടിത്തുടങ്ങി. ഇന്ന് പുലര്‍ച്ചേ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരേയുണ്ടായ ബോംബാക്രമണത്തിനു ബദലായി ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ഉച്ചയോടെ ബോംബാക്രമണമുണ്ടായി. കണ്ണൂരിലെ ചക്കരക്കല്‍ മേഖലയിലാണ് സംഘര്‍ഷം ഉണ്ടായിരിക്കുന്നത്.
സിപിഎം പ്രവര്‍ത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവുമായ കെ പ്രേമന്റെ വീടിനു നേര്‍ക്കാണ് പുലര്‍ച്ചെ രണ്ടരയോടെ ബോബേറുണ്ടായത്. മൂന്നു ബൈക്കുകളിലായെത്തിയ ആറംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. പ്രേമന്റെ ആറുമാസം ഗര്‍ഭിണിയായ മകള്‍അടക്കം നാലുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ഗര്‍ഭിണി അടക്കം നാലുപേരെ കണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബോംബ് സ്ഫോടനത്തിന് പിന്നില്‍ ബിജപി പ്രവര്‍ത്തകരാണെന്ന് വീട് സന്ദര്‍ശിച്ച നേതാക്കള്‍ ആരോപിച്ചു. അതിനു പിന്നാലെ ഇന്ന് ഉച്ചയോടെ ചക്കരക്കല്‍ ബാവോട് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ് ഉണ്ടായി. ആയുധങ്ങളുമായെത്തിയ അക്രമിസംഘം വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ത്തു.
പ്രദേശത്ത് രണ്ടാഴ്ച മുമ്പ് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് ബോംബേറുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ബോംബേറെന്നാണ് നിഗമനം. സംഭവത്തില്‍ പ്രതിഷേധിച്ച് ചക്കരക്കല്‍ മേഖലയില്‍ വൈകിട്ട് ആറുവരെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.