രാഷ്ട്രീയ രംഗത്തുനിന്ന് ഇടവേളയെടുത്തപ്പോള്‍ കാനം രാജേന്ദ്രന്‍ എവിടെയാണെന്ന് പലരും അന്വേഷിച്ചു. ഉരുളയ്ക്കു ഉപ്പേരി പോലെ എതിരാളികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന കാനത്തിന്റെ തിരിച്ചുവരവിനായി ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും കാത്തിരുന്നു. രോഗക്കിടക്കയില്‍ നിന്ന് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നാണ് കാനം ഈയടുത്ത് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഈ അഭിമുഖത്തിലാണ് തന്റെ കാല്‍പാദങ്ങള്‍ മുറിച്ചുകളഞ്ഞ കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
'വലതു കാലിന്റെ അടിഭാഗത്തു ഒരു മുറിവുണ്ടായി. പ്രമേഹം മൂലം അത് ഉണങ്ങിയില്ല. രണ്ട് മാസമായിട്ടും മുറിവ് കരിയാതെ വന്നപ്പോള്‍ ആശുപത്രിയില്‍ പോയി. അപ്പോഴേക്കും പഴുപ്പ് മുകളിലേക്ക് കയറിയിരുന്നു. രണ്ട് വിരലുകള്‍ മുറിച്ചുകളയണമെന്നാണ് ഡോക്ടര്‍ ആദ്യം പറഞ്ഞത്. ഓപ്പറേഷന്‍ സമയത്ത് മൂന്ന് വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. എന്നിട്ടും അണുബാധയ്ക്ക് കുറവുണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച കാല്‍പാദം മുറിച്ചു മാറ്റി. മൂന്ന് മാസത്തെ അവധിക്കാണ് പാര്‍ട്ടിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. പൂര്‍ണ കരുത്തനായി തിരിച്ചുവരും,' ഇതായിരുന്നു കാനത്തിന്റെ വാക്കുകള്‍.