കളമശ്ശേരി സംഭവം: ആരോഗ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡോക്ടര്‍ എസ്എസ് ലാല്‍

ശ്രീനു എസ്
വെള്ളി, 23 ഒക്‌ടോബര്‍ 2020 (12:55 IST)
കളമശ്ശേരി മെഡിക്കല്‍ കോളേജ് സംഭവത്തില്‍ ആരോഗ്യമന്ത്രി തികച്ചും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ: എസ്.എസ്. ലാല്‍ ആരോപിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയില്‍ വീഴ്ചകളുണ്ടെന്ന് അവിടെ ജോലി ചെയ്യുന്ന ഡോ.നജ്മ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരു ആരോഗ്യ മന്ത്രിയില്‍ നിന്നും പൊതുജനം പ്രതീക്ഷിച്ചത് ജനങ്ങളുടെ ആരോഗ്യത്തിലുള്ള താല്പര്യവും ഭരണ നിപുണതയും വെളിവാക്കുന്ന നടപടികളാണ്. എന്നാല്‍ അത്തരം നടപടികള്‍ ഉണ്ടായില്ല എന്ന് മാത്രമല്ല, അതിന്  ഘടകവിരുദ്ധമായി യുവ വനിതാ ഡോക്ടറെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് ആരോഗ്യ മന്ത്രി ചെയ്തത്. 
 
കൊവിഡ് ചികിത്സക്കായി മാറ്റിവച്ച  കളമശ്ശേരിയിലേതുള്‍പ്പെടെയുള്ള കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും കാര്യമായ കുറവുകളുണ്ട്. ഇത് ജനങ്ങളുടെ ആരോഗ്യത്തെയും ആയുസ്സിനെയും നേരിട്ട് ബാധിക്കുകയാണ്. ആശുപത്രികളില്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും അധികജോലി ചെയ്ത് ക്ഷീണിതരാണ്. മനുഷ്യസാദ്ധ്യമായ എല്ലാ കാര്യങ്ങളും ജീവനക്കാര്‍ ചെയ്യുന്നുണ്ടെങ്കിലും ആശുപത്രികളിലെ സാരമായ കുറവുകള്‍ കാരണം വീഴ്ചകള്‍ക്കുള്ള സാദ്ധ്യതകള്‍ ഇനിയും നിലനില്‍ക്കുന്നു. അതുകാരണമാണ് രോഗികളെ പുഴുവരിക്കുന്നതും ഗര്‍ഭിണികള്‍ക്ക് ചികിത്സ കിട്ടാതെ വരുന്നതും നവജാത ശിശുക്കള്‍ മരിക്കുന്നതും കൊവിഡ് രോഗി പീഡിപ്പിക്കപ്പെടുന്നതും. ഈ കുറവുകള്‍ക്ക് ഉത്തരവാദി ആരോഗ്യവകുപ്പും അതിന്റെ ചുമതലക്കാരി എന്ന നിലയില്‍ ആരോഗ്യ മന്ത്രിയുമാണെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article