മണിയുടെ മരണകാരണം കീടനാശിനി തന്നെ; പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഞായര്‍, 3 ഏപ്രില്‍ 2016 (14:47 IST)
കലാഭവൻ മണിയുടെ മരണകാരണം മദ്യത്തിലെ മെഥനോളും കീടനാശിനിയും അകത്തുചെന്നിട്ടാണെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. രാസപരിശോധയ്ക്കു ശേഷം ലഭിച്ച വിവരങ്ങ‌ളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഡോക്ടർമാർ നൽകുന്ന ആദ്യത്തെ വിശദമായ റിപ്പോർട്ടുക്കൂടിയാണിത്.
 
കരൾരോഗം മരണകാരണമായിട്ടില്ലെന്നും അതേസമയം മരണം വേഗത്തിലാക്കാൻ കരൾരോഗം ഒരു കാരണമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മരണത്തിലേക്ക് നയിച്ചതിന്റെ പ്രധാനകാരണം കീടനാശിനി തന്നെയെന്നും എന്നാൽ ഇതു പച്ചക്കറിയിലൂടെ അകത്തെത്തിയതാണോ നേരിട്ട് അകത്തെത്തിയതാണോ എന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനാകില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. മദ്യത്തിലെ വിഷാംശം അപകടകരമായ തോതിലല്ലെന്നാണു റിപ്പോർട്ടിലെ സൂചന.
 
അതേസമയം പച്ചക്കറിയിലൂടെയാണ് ശരീരത്തിൽ വിഷാംശം കലർന്നതെങ്കിൽ തന്നെ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താവുന്ന അളവിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കാർഷിക സർവകലാശാലയിലെ  പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളജിലെ ഫൊറൻസിക് വിദഗ്ധരായ ഡോ. പി.എ. ഷിജു, ഡോ. ഷേക്ക് സക്കീർ ഹുസൈൻ എന്നിവരാണു പൊലീസിന് അന്തിമ റിപ്പോർട്ട് നൽകിയത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക