കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം തികയുമ്പോഴും മണിയുടെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് കേസന്വേഷണം അവസാനിപ്പിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനയില്‍ ലഭിച്ചതില്‍ കൂടുതല്‍ തെളിവുകളൊന്നും ഇതുവരെയും പൊലീസിന് ലഭിച്ചിട്ടില്ല. ഈ തെളിവുകള്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സ്ഥാപിക്കാന്‍ അപര്യാപ്തവുണ്. ഇനി കേസ് ഏതെങ്കിലും ദേശീയ ഏജന്‍സി അന്വേഷിക്കട്ടെ എന്ന നിലപാടും പൊലീസിനുണ്ട്.
മണിയുടെ സഹായികളായ പീറ്റര്‍, ജോബി, വിപിന്‍, അരുണ്‍, മുരുകന് തുടങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. ഇവരുടെ നുണപരിശോധനയുള്പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. എന്നാല്‍ മണിയുടെ കുടുംബം ആരോപിക്കുന്നതരത്തില്‍ അദ്ദേഹത്തെ മനപൂര്‍വം അപായപ്പെടുത്താനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു തെളിവും അന്വേഷണസംഘത്തിന് ലഭിച്ചില്ല.
വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ കേസ് അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുന്ന റിപ്പോര്‍ട്ട് പൊലീസ് ഉടന്‍ കോടതിയില്‍ നല്‍കും. കേസ് സിബിഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായില്ല. പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നതോടെ മരണം സംബന്ധിച്ച ദൂരൂഹത വീണ്ടും അവശേഷിക്കുകയാണ്.