കതിരൂര്‍ മനോജ് വധം: പി ജയരാജനെ അടുത്തമാസം പതിനൊന്നുവരെ റിമാന്‍ഡ് ചെയ്‌തു
വെള്ളി, 12 ഫെബ്രുവരി 2016 (11:17 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ തലശേരി സെഷന്‍ കോടതിയില്‍ കീഴടങ്ങിയ സിപിഎം ജില്ലാസെക്രട്ടറി പി ജയരാജനെ അടുത്താമാസം 11 വരെ റിമാന്‍ഡ് ചെയ്‌തു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ റിമാന്‍ഡ് കാലാവധിയില്‍ അദ്ദേഹത്തെ സഹായിക്കാനായി ജയില്‍ ഒരു സാഹായി വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകാന്‍ തലശേരി ഡിവൈഎസ്പിയും സംഘവും കോടതിയിലെത്തി. പതിനൊന്നുമണിയോടെ കോടതിയിലെത്തിയ ജരാജന്‍ കീഴടങ്ങുകയായിരുന്നു.
ചികിത്സയ്‌ക്ക് ശേഷം പരിയാരം മെഡിക്കൽ കോളജിൽ നിന്നു ഡിസ്ചാർജ് ആയ ജയരാജന്‍ എകെജി സഹകരണ ആശുപത്രിയുടെ ആംബുലൻസിൽ കോടതിയിലേക്ക് എത്തുകയായിരുന്നു. ആരോഗ്യനില മെച്ചമല്ലാത്തതിനാലാണ് ആംബുലൻസിൽ കോടതിയിലേക്ക് എത്തിയത്. പി ജയരാജന്‍ കീഴടങ്ങുന്ന സാഹചര്യത്തില്‍ കോടതിയില്‍ സിപിഎം സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ എത്തിയിരുന്നു.
മനോജ് വധക്കേസില്‍ ഭീകരവാദ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തപ്പെട്ട ജയരാജന്‍ കേസിലെ 25മത് പ്രതിയായതിനാല്‍ ഏത് നിമിഷവും അദ്ദേഹത്തെ സിബിഐ അറസ്‌റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സ്വയം കോടതിയില്‍ കീഴടങ്ങിയത്. കീഴടങ്ങിയ ശേഷം നിയമപോരാട്ടം തുടരാനും സുപ്രീംകോടതിയെ സമീപീക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
ജയരാജനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറാതിരിക്കാന്‍ പൊലീസ് എല്ലാ സന്നാഹവും ഒരുക്കി. അക്രമങ്ങളെ ശക്തമായി നേരിടുമെന്നും കണ്ണൂരിലെ പ്രശ്നങ്ങള്‍ പ്രത്യേകം പഠിക്കുമെന്നും പുതിയ പൊലീസ് മേധാവി ഹരിശങ്കര്‍ വ്യക്തമാക്കി.