പഞ്ചായത്ത് രൂപീകരണം തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിയെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ച വിധി തിരിച്ചടിയല്ലെന്നും പ്രതീക്ഷിച്ചതാണെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. വിഷയം ചര്‍ച്ചചെയ്യാന്‍ ലീഗ് മന്ത്രിമാരുടെ യോഗം ചേരുമെന്നും വിഷയത്തില്‍ പാര്‍ട്ടി കമ്മിറ്റി രണ്ട് ദിവസത്തിനകം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ഷന്‍ സമയത്ത് നടത്തണമെന്നാണ് ലീഗിന്റെ നിലപാട്. പഞ്ചായത്ത് രൂപീകരണം ലീഗിന്റെ മാത്രം തീരുമാനമല്ല. എല്ലാ പാര്‍ട്ടികള്‍ക്കും തീരുമാനത്തില്‍ പങ്കുണ്ട് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന് പറയുന്നപോലെ 2010 ലെ വാര്‍ഡ് വിഭജന പട്ടിക അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ല. പുതിയ 69 പഞ്ചായത്തുകളുടെയും നാല് മുനിസിപ്പാലിറ്റികളുടെയും രൂപീകരണം മാത്രമാണ് ഹൈക്കോടതി തടഞ്ഞത്. 28 മുനിസിപ്പാലിറ്റികളുടെ രൂപീകരണം കോടതി നേരത്തെ അംഗീകരിച്ചതാണ്. ഈ മുനിസിപ്പാലിറ്റികളില്‍ 2010 പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷ് മനസ്സിലാകുമെന്നും മജീദ് കുറ്റപ്പെടുത്തി.
പഞ്ചായത്ത് രൂപീകരണത്തിലൂടെ ലീഗിന് അപ്രമാദിത്വമുണ്ടാകുമെന്ന് പറയുന്നത് അസംബന്ധമാണ്. യുഡി എഫും ക്യാബിനെറ്റും ചേര്‍ന്നാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വാര്‍ഡ് വിഭജനത്തില്‍ മുസ്ലീം ലീഗിന് പ്രത്യേക താല്‍പര്യമില്ല.
പാപഭാരം ലീഗ് ഏറ്റെടുക്കില്ല അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ പക്ഷപാതപരമായ നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. ഇലക്ഷന്‍ കമ്മീഷന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ആളാണ് അദ്ദേഹം ആരോപിച്ചു.
നേരത്തെ പഞ്ചായത്ത് രൂപീകരണം തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിയെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങളെ ശരിവെച്ചു കൊണ്ടുള്ള ഇടക്കാല വിധിയാണ് കോടതിയില്‍ നിന്ന് ഉണ്ടായത്. തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തണം. പുനര്‍ വിഭജനം നടത്തിയതില്‍ തെറ്റ് സംഭവിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവര്‍ത്തനങ്ങളുമായി ഇലക്ഷന്‍ കമ്മീഷന് മുന്നോട്ട് പോകാം. സര്‍ക്കാര്‍ കമ്മീഷന് ആവശ്യമായ സഹായങ്ങള്‍ ചെയ്‌തു നല്‍കണം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എഎന്‍ ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.