പുരയ്ക്ക് ചാഞ്ഞാല്‍ സ്വര്‍ണത്തിന്റെ മരമാണെങ്കിലും വെട്ടണം, തരൂരിനെതിരെ കെ സി ജോസഫ്

അഭിറാം മനോഹർ

വെള്ളി, 11 ജൂലൈ 2025 (15:31 IST)
Shashi Tharoor
മോദി സര്‍ക്കാറിനെ സ്തുതിച്ചുകൊണ്ട് നിരന്തരമായി പ്രതികരണം നടത്തുന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കളെ ഒഴികെ എല്ലാവരെയും തരൂര്‍ സ്തുതിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ലക്ഷ്യം എന്താണെന്ന് അദ്ദേഹത്തിന് മാത്രമെ അറിയുകയുള്ളുവെന്നും കോണ്‍ഗ്രസ് നേതാവായ കെ മുരളീധരന്‍ വ്യക്തമാക്കി.
 
 തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് സമിതി അംഗവുമാണ്. ആ നിലയ്ക്ക് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും പാര്‍ട്ടിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് നീങ്ങുക. അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങള്‍ പാര്‍ട്ടിക്കകത്ത് അഭിപ്രായം പറയുക എന്നതാണ് ചെയ്യേണ്ടതെന്നും പാര്‍ട്ടിയില്‍ ശ്വാസം മുട്ടുന്നതായി തോന്നുന്നുവെങ്കില്‍ പാര്‍ട്ടി നല്‍കിയ സ്ഥാനങ്ങള്‍ ഉപേക്ഷിച്ച് മടങ്ങാമെന്നും കെ മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് തരൂരിന് വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിച്ചവരാണ് പ്രദേശത്തെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകര്‍. തരൂരിന്റെ മുഖം പോലും കാണാതെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാണ് അദ്ദേഹത്തിന് വോട്ട് നല്‍കിയത്. തരൂര്‍ നിലപാറ്റുകള്‍ തിരുത്തി കോണ്‍ഗ്രസ് നേതാവായി തിരിച്ചുവരണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
 
അതേസമയം അടിയന്തിരാവസ്ഥക്കെതിരെ ലേഖനമെഴുതിയതിനെതിരെ ശക്തമായ രീതിയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് പ്രതികരിച്ചത്. പുരയ്ക്ക് ചാഞ്ഞാല്‍ പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും വെട്ടികളയുകയെ നിവര്‍ത്തിയുള്ളുവെന്ന് കെ സി ജോസഫ് എക്‌സില്‍ കുറിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണ് അടിയന്തിരാവസ്ഥയെന്ന് ലേഖനത്തില്‍ തരൂര്‍ വിശേഷിപ്പിച്ചിരുന്നു. സഞ്ജയ് ഗാന്ധിയുടെ കീഴില്‍ കൊടും ക്രൂരതകളാണ് ഈ കാലത്ത് നടന്നതെന്നും ലേഖനത്തില്‍ തരൂര്‍ വിശദീകരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍