അന്തരിച്ച ജസ്റ്റിസ് വിആർ കൃഷ്ണയ്യര്‍ പാവപ്പെട്ടവരുടെ തണൽമരമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തിന്റെ മനസ്സാക്ഷിയായിരുന്നു അദ്ദേഹമെന്നും, അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
എക്കാലത്തും പാവപ്പെട്ടവരുടെ പക്ഷത്ത് നിന്ന വ്യക്തിയും, മാനവിക വിഷയങ്ങളിൽ പോരാളിയുമായിരുന്നു നമ്മളില്‍ നിന്ന് പിരിഞ്ഞു പോയ കൃഷ്ണയ്യരെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ.
ജസ്റ്റിസ് കൃഷ്ണയ്യരുടെ വേര്‍പാടിലൂടെ നഷ്ടമായത് നീതിയുടെ പ്രകാശ ഗോപുരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
എന്നും സ്നേഹബന്ധങ്ങൾ കാത്ത് സൂക്ഷിച്ച വ്യക്തിത്വമായിരുന്നു കൃഷ്ണയ്യരെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ അനുശോചിച്ചു.
രാജ്യത്തിനും കേരളത്തിനും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണമെന്ന് സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്.
നീതി എന്ന വാക്കിന് ജീവിതം കൊണ്ട് പര്യായം തീർത്ത ന്യായാധിപനെയാണ് നഷ്ടമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ.
മനുഷ്യത്വത്തിന് വൻ നഷ്ടമാണ് കൃഷ്ണയ്യരുടെ മരണമെന്ന് ചലച്ചിത്ര താരം മമ്മൂട്ടി.
കേരളത്തിന്റെ മനസാക്ഷിയുടെ ഉറച്ച ശബ്ദമായിരുന്നു കൃഷ്ണയ്യരെന്നും സാധാരണക്കാർക്ക് വേണ്ടി നീതി ന്യായ വ്യവസ്ഥയെ എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹം മാതൃക കാട്ടിയെന്നും മുൻ കേന്ദ്ര മന്ത്രി എ.കെ.ആന്റണി.
മികച്ച മന്ത്രിയും അഭിഭാഷകനുമായിരുന്ന കൃഷ്ണയ്യർ ജീവിതാവസാനം വരെ പ്രത്യേക ശൈലി കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നെന്ന് മുൻ മന്ത്രി ഗൗരിയമ്മ.
മന്ത്രിമാരായ കെഎം മാണി, പികെ കുഞ്ഞാലിക്കുട്ടി, വിഎസ് ശിവകുമാർ, കെസി ജോസഫ്, ഷിബു ബേബി ജോൺ, എംകെ മുനീർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ ബാബു, അടൂർ പ്രകാശ്, പികെ ജയലക്ഷ്മി എന്നിവരും കൃഷ്ണയ്യരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.