ജിഷ്ണുവിന്റെ കുടുംബത്തിന് പൂര്‍ണ പിന്തുണയെന്ന് വിഎസ്; കോടിയേരിയുമായി ചര്‍ച്ച നടത്തുമെന്ന് കാനം, പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുമെന്ന് ബേബി

Webdunia
വ്യാഴം, 6 ഏപ്രില്‍ 2017 (11:47 IST)
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സമരം നടത്തുന്ന ജിഷ്ണുവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുവെന്നു വി.​​​എസ്. അച്യുതാനന്ദൻ. ആശുപത്രിയില്‍ നിരാഹാരം തുടരുന്ന മഹിജയുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ വി എസ്, എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാമെന്നും പറഞ്ഞു. 
 
അതേസമയം, ഡിജിപിയുടെ ഓഫിസിന് മുമ്പിലേക്ക് നിരാഹാരം മാറ്റുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ ഇന്ന് അറിയിച്ചു. പൊലീസിന്റെ ക്രൂരമായ നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ പൊലീസിന്റെ വീഴ്ച അടക്കമുളള കാര്യങ്ങളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തുമെന്നും കാനം പറഞ്ഞു.
 
പൊലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനമാണ് സിപിഐഎം പിബി അംഗം എംഎ ബേബി മുഖ്യമന്ത്രിയ്ക്കെതിരെ ഉന്നയിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി തന്നെ വിശദീകരിക്കുമെന്നും ബേബി പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന നേതൃത്വവും  പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് വിശദീകരിക്കുമെന്നും എം.എ ബേബി വ്യക്തമാക്കി. 
Next Article