'മതം പഠിക്കണ്ട, അമ്പലത്തിൽ പോകണ്ട' - ഹിന്ദു ആയാൽ ഗുണങ്ങൾ ഏറെ
വെള്ളി, 29 ഡിസംബര്‍ 2017 (08:11 IST)
മതത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ അടിപിടികൂടുന്നവർ ആണ് സോഷ്യൽ മീഡിയകളിൽ കൂടുതലും. ഹിന്ദു സംസ്കാരം ഭാരത്തിൽ മുഴുവൻ അടിച്ചേൽപ്പിക്കാനുള്ള തന്ത്രപ്പാടിലാണ് ആർ എസ് എസ്. എന്നാൽ, ഒരു ഹിന്ദു ആയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറയുന്നു.
തന്റെ തലയിൽ ഉദിച്ചതല്ലെന്നും തന്റെ അഭിപ്രായം അല്ലെന്നും എന്നാൽ, ഇതിൽ എന്തൊക്കെയോ സത്യമുണ്ടെന്ന് തോന്നുന്നുവെന്നും ജോയ് മാത്യു പ്രത്യേകം എടുത്ത് പറയുന്നുണ്ട്. താൻ ഒരു മതത്തിന്റേയും അടിമയല്ലെന്നും ജോയ് കൂട്ടിച്ചേർക്കുന്നുണ്ട്.
ജോയ് മാത്യുവിന്റെ പോസ്റ്റ്:
ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങൾ.
ചെറുപ്പം തൊട്ടേ മതം പഠിക്കാൻ പോണ്ട.
എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ എങ്ങനെ ജീവിക്കണമെന്നോ കർശന നിയമങ്ങളില്ല.
കല്യാണം കഴിക്കാൻ മതമേലധ്യക്ഷന്മാരുടെ നല്ലനടപ്പിനുള്ള സർട്ടിഫിക്കറ്റ് വേണ്ട. ശുപാർശക്കത്ത് വേണ്ട. ചെക്കനെങ്ങനാ ആളെന്ന് അന്വേഷിക്കാൻ അമ്പലത്തിലേക്ക് പോകില്ല. മതദൈവ വിശ്വാസിയാണോന്ന് പെണ്ണ് വീട്ടുകാർ അന്വേഷിക്കില്ല. പെണ്ണ് മതവിശ്വാസിയാണോന്നോ 916 ഹിന്ദുവാണോന്നോ ഹിന്ദു മതാചാര പ്രകാരം ജീവിക്കുന്നവളാണോന്നോ നോക്കാറില്ല. ഇഷ്ടത്തിന് ഒന്നോ രണ്ടോ കുട്ടികൾ മാത്രമായി സ്വസ്ഥജീവിതം നയിക്കാം.
കള്ള് കുടിക്കാൻ നിരോധനമില്ലാത്തതു കൊണ്ട് , കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് ഭ്രാന്ത് പിടിക്കേണ്ട,സിനിമ കാണാം, ഡാൻസ് കളിക്കാം പാട്ട് പാടാം, പലിശയ്ക്ക് പണം കൊടുക്കാം ,വാങ്ങാം
ആർക്കും വോട്ടു ചെയ്യാം, എങ്ങനേം ജീവിക്കാം നിയമങ്ങളില്ല.
മരണാനന്തര പേടിപ്പിക്കലുകളില്ല.മദ്യപ്പുഴയെയും ഹൂറിമാരെയും സ്വപ്നം കണ്ട് ഒരു ജന്മം വെറുതെ കളയണ്ട. നരകത്തിൽ വിറക് കൊള്ളിയാക്കുമെന്ന് പേടിക്കണ്ട.
ഉൽപ്പത്തി മുതൽ പ്രപഞ്ചഘടന വരെ; ആധുനിക ശാസ്ത്ര വിരോധമായതൊന്നും ഇതിലില്ല -
സമയമുള്ളവർക്ക് വേദങ്ങൾ പഠിച്ചാൽ ഏതു നിരീശ്വരവാദിയുടെ ചോദ്യത്തിന്നും ഉത്തരം പറയാം.
പെണ്ണിന് പ്രത്യേകം നിയമാവലികളില്ല. പെണ്ണിന് പ്രത്യേകം നിരോധനങ്ങളില്ല. പെണ്ണ് ഡാൻസ് കളിച്ചാൽ കൂട്ടം കൂടി ഒരുത്തനും തെറി പറയില്ല. കൈയ്യടിക്കും പ്രോത്സാഹിപ്പിക്കും. ചെറുപ്പം മുതലേ ഡാൻസിനയക്കും. പാട്ടിനയക്കും. സ്പോർട്ട്സിനയക്കും. മുഖം മൂടണ്ട ,തലയും. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം..
അവൾക്ക് വേറെത്തന്നെ ഭക്ഷണസ്ഥലമില്ല.
ആൾക്കൂട്ടത്തിൽ വിലക്കുകളില്ല. നിയമങ്ങളില്ല.. നിരോധനങ്ങളില്ല. എത് മതത്തിലെ ദൈവത്തെയും പ്രാർത്ഥിക്കാം, നക്ഷത്രം തൂക്കാം, പുൽക്കൂടൊരുക്കാം, ഏതുത്സവവും ആഘോഷിക്കാം, ഇങ്ങോട്ടു കിട്ടിയില്ലെങ്കിലും ക്രിസ്മസ് ,ഈസ്റ്റർ, ഈദ്,നബിദിനാശംസകൾ സുഹൃത്തുക്കൾക്ക് അയക്കാം.
ഒരുത്തനും ചോദിക്കില്ല. പിന്നെ ഇതു ഷെയർ ചെയ്യാൻ ആരെയും പേടിക്കേണ്ട !