പാർവതിക്കെതിരായ സൈബർ ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ

വെള്ളി, 29 ഡിസം‌ബര്‍ 2017 (07:40 IST)
കസബ വിഷയത്തിൽ നടി പാർവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കോളജ് വിദ്യാർഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. പാർവതിയെ മാനഭംഗപ്പെടുത്തുമെന്ന് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി.  
 
സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പാർവതിയുടെ പരാതിയിൽ കഴിഞ്ഞദിവസം തൃശൂർ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എൽ.പ്രിന്റോ (23) അറസ്റ്റിലായിരുന്നു. നടിക്കെതിരെ ഫെയ്സ്ബുക്കിൽ ഏഴു പോസ്റ്റുകൾ പ്രചരിപ്പിച്ചെന്നാണ് പ്രിന്റോയ്ക്കെതിരായ കണ്ടെത്തൽ. 
 
കഴിഞ്ഞ ഐ എഫ് എഫ് കെയുടെ വേദിയിൽ വെച്ച് മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ച് പാർവതി രംഗത്ത് വന്നിരുന്നു. ഇതോടെ പാർവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ മേഖലയിൽ നിന്നു തന്നെ നിരവധി ആളുകളാണ് രംഗത്തെത്തിയത്. വിമർശനം നടത്തിയതോടെ പാർവതിക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
 
ഇതിനിടെ, ‘കസബ’യുമായി ബന്ധപ്പെട്ട് പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങൾ വിവാദമായതിനു പിന്നാലെ നിലപാട് വ്യക്തമാക്കി മമ്മൂട്ടി രംഗത്തെത്തി. വിവാദമല്ല, അർഥവത്തായ സംവാദങ്ങളാണ് നമുക്ക് വേണ്ടതെന്നു പറഞ്ഞ താരം, തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നും മമ്മൂട്ടി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍