പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും പൊലീസ് തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവർമെന്റെന്ന് ജോയ് മാത്യു പരിഹസിക്കുന്നു.
അടിയന്തിരാവസ്ഥയിൽ പോലീസ് ഉരുട്ടിക്കൊന്ന എൻജിനീയറിംഗ് വിദ്യാർത്ഥി രാജന്റെ അച്ഛൻ ഈച്ചരവാര്യർ തന്റെ മകന് നീതി ലഭിക്കാൻ മരണംവരെ പോരാടി. രാജനെപ്പോലുള്ള രക്തസാക്ഷികളെ വിൽപ്പനക്ക് വെച്ച് അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്കുന്നുവെന്ന് ജോയ് മാത്യു തന്റെ ഫെസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
തേൻകുടത്തിൽ വീണുപോയ ഒരു വൃദ്ധ മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാൻ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ജുഡീഷ്യൽ അന്വേഷണം. നീതിക്കു വേണ്ടി പോരാടുന്ന മകൻ നഷ്ടപ്പെട്ട ഒരമ്മക്ക് പോലീസ് മർദ്ദനവും ജയിലും. ഓരോ ദിവസം കഴിയുന്തോറും. ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവർമെന്റ് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇന്നു രാവിലെയാണ് ഡിജിപി ഓഫിസിനു 100 മീറ്റർ അടുത്ത് വെച്ച് അവരെ പൊലീസ് തടഞ്ഞത്. അതേസമയം, പിൻമാറാൻ തയ്യാറല്ലെന്ന് കുടുംബം അറിയിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് ബന്ധുക്കളെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് വാനിലേക്ക് നീക്കി. ഏറെനേരം റോഡില്‍ കിടന്ന് പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാനിലേക്ക് കയറ്റിയത്.