കേരളാ കോണ്‍ഗ്രസിനെതിരെ (എം) സിപിഐ റിപ്പോർട്ട് അവതരിപ്പിച്ചതിന് പിന്നാലെ ഇടതു മുന്നണിയിൽ ചേരുന്ന സാഹചര്യമില്ലെന്ന് വ്യക്തമാക്കി കേരളാ കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ജോയ് എബ്രഹാം രംഗത്ത്. യുഡിഎഫ് വിട്ടെങ്കിലും തങ്ങൾ ഇടതു മുന്നണിയിൽ ചേരുമോ ഇല്ലയോ എന്ന കാര്യത്തില്‍ സിപിഐ വിറളി പിടിക്കേണ്ട ആവശ്യമില്ല. പാർലമെന്റ് സീറ്റ് വിറ്റ് വരുമാനമുണ്ടാക്കിയ പാരമ്പര്യം കേരളാ കോൺഗ്രസിനില്ലെന്നും ജോയ് എബ്രഹാം കൂട്ടിച്ചേർത്തു.
കേരളാ കോൺഗ്രസിന്റെ പ്രശ്നാധിഷ്ഠിത പിന്തുണ തേടേണ്ട കാര്യം ഇപ്പോഴില്ലെന്നാണ് സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടില്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. അഴിമതിക്കെതിരെയുള്ള വിധിയെഴുത്തായിരുന്നു ഇടതുപക്ഷത്തിന്റെ വിജയമെന്നും പാർട്ടി ആസ്‌ഥാനമായ എംഎൻ സ്മാരകത്തിൽ ചേർന്ന നിർവാഹക സമിതി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
സിപിഐയുടെ ഈ നിലപാടുകള്‍ക്കെതിരാണ് ജോയ് എബ്രഹാം രംഗത്ത് എത്തിയിരിക്കുന്നത്.
യു.ഡി.എഫിലെ പ്രമുഖ ഘടക കക്ഷിയായ കേരളാ കോൺഗ്രസ് മാണി വിഭാഗം മുന്നണി വിടാൻ തീരുമാനിച്ചെങ്കിലും മറ്റേതെങ്കിലും മുന്നണിയിൽ ചേരുമെന്ന് ഇതു വരെയും വ്യക്തമാക്കിയിട്ടില്ല. എല്ലാ മുന്നണികളുമായും സമദൂരം പാലിക്കുമെന്നാണ് പാർട്ടി നിലപാട്.