'പ്രശ്നത്തിന് പരിഹാരം കാണേണ്ട 'അമ്മ' തന്നെ രംഗം വഷളാക്കുന്നു, മാപ്പ് പറയേണ്ടത് നടികൾ അല്ല': കെ പി എ സി ലളിത വേട്ടക്കാരനൊപ്പമോ?

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (13:04 IST)
കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണും നടിയുമായ കെപിഎസി ലളിതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷൻ രംഗത്ത്‍. ഡബ്ല്യൂസിസി അംഗങ്ങള്‍ക്കെതിരെ കെപിഎസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. ഡബ്ല്യുസിസിക്ക് പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്യുന്നു എന്നും അവര്‍ വ്യക്തമാക്കി.
 
കെ പി എ സി ലളിതയെപ്പോലുള്ള ഒരു മുതിർന്ന വ്യക്തി ഒരിക്കലും പറയാൻ പാടില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പീഡനം നടന്നാൽ അത് വീടിനുള്ളിൽ തന്നെ തീർക്കണം എന്ന തരത്തിലുള്ള വാദം അടിച്ചമർത്തലിന്റേതാണ്. പീഡനത്തെ ലഘൂകരിക്കാൻ ഉള്ള ശ്രമം അംഗീകരിക്കാൻ കഴിയാത്തതാണ്. അതേസമയം, ഡബ്ല്യൂസിസിക്കെതിരായി നടന്ന സൈബര്‍ അക്രമണങ്ങള്‍ക്ക് എതിരെ അന്വേഷണം നടത്തുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ഉറപ്പ് നല്‍‌കി.
 
കെ പി എ സി ലളിതയുടെ ഇപ്പോഴത്തെ നിലപാടുകള്‍ കാണുമ്പോൾ അവര്‍ ഇരയ്ക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് എന്നാണ് തോന്നുന്നതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. മാപ്പ് പറയേണ്ടത് നടികള്‍ അല്ല. പരാതികള്‍ക്ക് വില ഇല്ലാതായപ്പോള്‍ ആണ് ഒരു വിഭാഗത്തിന് സംഘടിതര്‍ ആകേണ്ടി വന്നത്. ഡബ്ല്യൂസിസിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ 'അമ്മ' ന്യായീകരിച്ചത് അങ്ങേയറ്റം അപലപനീയമാണ്. പ്രശ്നത്തിന് പരിഹാരം കാണേണ്ട 'അമ്മ' തന്നെ രംഗം വഷളാക്കുന്നുവെന്നും ജോസഫൈന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article