പൊലീസ് ആസ്ഥാനത്ത് ഇന്നലെ അരങ്ങേറിയ പൊലീസിന്റെ പ്രവര്‍ത്തികളെ ചോദ്യം ചെയ്ത് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ. തന്റെ അമ്മയെ അടിക്കാനുളള താത്പര്യം എന്തുകൊണ്ട് പ്രതികളെ പിടിക്കാന്‍ പൊലീസ് കാണിച്ചില്ലെന്നും തന്റെ ഏട്ടന്റെ മരണത്തിന് കാരണക്കാരനായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനോടുളള അതേ വിരോധം പൊലീസുകാരോട് തോന്നുന്നുണ്ടെന്നും അവിഷ്ണ വ്യക്തമാക്കി. തന്റെ അമ്മയും അച്ഛനും വീട്ടില്‍ മടങ്ങിവരുന്നത് വരെ നിരാഹാരം ഇരിക്കുമെന്ന് അവിഷ്ണ പറഞ്ഞു.
അതേസമയം പൊലീസ് മര്‍ദിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിരാഹാരം നടത്തുകയാണ് ജിഷ്ണു പ്രണോയിയുടെ അമ്മയും മറ്റ് ബന്ധുക്കളും. ജിഷ്ണു മരിച്ച് എണ്‍പത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ കഴിയാതതില്‍ പ്രതിഷേധിച്ചാണ് കുടുംബം ഏപ്രില്‍ ആറിന് നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്.
എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കളെ തടഞ്ഞിരുന്നു. തുടന്നുള്ള സംഘര്‍ഷത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിനെതിരെ കടുത്ത പ്രതിഷേധം പൊതുസമൂഹത്തില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിയോട് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരുന്നു.