ജിഷയുടെ കൊലപാതകം: ദീപയുടെ ഫോണിലേക്ക് നിരവധി കോളുകള്‍ വന്നിരുന്നു, മൊഴികളിൽ വൈരുധ്യം, അന്വേഷണം അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച്

Webdunia
തിങ്കള്‍, 9 മെയ് 2016 (12:04 IST)
നിയമ വിദ്യാർഥിനി ജിഷയുടെ കൊലപാത കേസുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. താലൂക്ക് ആശുപ്രത്രിയിൽ ചികിത്സയിലുള്ള ജിഷയുടെ അമ്മ രാജേശ്വരിയെ പരിചരിക്കുകയായിരുന്ന ദീപയെ വനിതാ പൊലീസ് സംഘം പെരുമ്പാവൂര്‍ സ്‌റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്.

ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്‌തത്. രാവിലെ 9.30നായിരുന്നു ചോദ്യം ചെയ്യൽ. അതേസമയം, ദീപയെ ചോദ്യം ചെയ്തില്ലെന്നും സാധനങ്ങൾ തിരിച്ചറിയുന്നതിന് വേണ്ടി വിളിപ്പിച്ചതാണെന്നുമാണ് പൊലീസ് ഭാഷ്യം.

ദീപ പൊലീസിനും പിന്നെ വനിത കമ്മീഷനും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ട്. ഇവര്‍ ആദ്യം പറഞ്ഞ കാര്യങ്ങളല്ല പിന്നീട് പറയുന്നത്. ദീപയ്‌ക്ക് രണ്ടു ഫോണുകള്‍ ഉണ്ട്. എന്നാല്‍ ആദ്യം പൊലീസീനോട് പറഞ്ഞത് തനിക്ക് ഒരു ഫോണ്‍ മാത്രമെ ഉള്ളൂവെന്നാണ്. കൂടാതെ അന്യസംസ്ഥാന സുഹൃത്തുമായി തനിക്ക് ബന്ധമില്ലെന്ന് പറയുന്ന ദീപയുടെ ഫോണിലേക്ക് നിരവധി കോളുകള്‍ വന്നതായും പൊലീസ് കണ്ടെത്തി.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിനായി പൊലീസ് വീടിന്റെ സമീപത്ത് തെരച്ചില്‍ നടത്തുകയാണ്. അതേസമയം, ദീപയുടെ കുടുംബാങ്ങളെയും അന്യസംസ്ഥാന തൊഴിലാളിയേയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

ഭായി എന്നറിയപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളിയുമായി ദീപയ്‌ക്ക് ബന്ധമുണ്ടായിരുന്നുവെന്നും മൊബൈല്‍ ഫോണ്‍ വഴി ഇരുവരും ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇയാള്‍ക്ക് മലയാളം നന്നായി സംസാരിക്കാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. മലയാളം അറിയാവുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം ബംഗളുരുവില്‍ പിടിയിലായ അന്യസംസ്ഥാന തൊഴിലാളി ദീപയുടെ സുഹൃത്താണെന്നു പൊലീസിന് സൂചനയുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഇങ്ങനെയൊരാളെ അറിയില്ലെന്നും ഹിന്ദി അറിയില്ലെന്നുമാണ് ദീപ വ്യക്തമാക്കിയത്.

ജിഷയെ രണ്ടു പേര്‍ ഭീഷണിപ്പെടുത്തിയതായി സഹോദരി ദീപ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീടു പണിക്ക് എത്തിയ രണ്ടു മലയാളികളാണ് ജിഷയെ ഭീഷണിപ്പെടുത്തിയത്. അമ്മയെയും മകളെയും ശരിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറിയെന്ന് ജിഷ പരാതിപ്പെട്ടതായി ദീപ പറഞ്ഞിരുന്നു. എന്നാൽ തുടർച്ചയായി മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിട്ടും ഈ വിവരങ്ങളൊന്നും വനിത കമീഷൻ അംഗങ്ങളോട് പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ദീപയുടെ മൊഴി അവശ്വസനീയമാണെന്ന അഭിപ്രായം കമീഷൻ അംഗങ്ങൾക്കുണ്ട്.  
Next Article