ജിഷയെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും; അന്വേഷണം ഫലപ്രദമായ രീതിയില്‍- മുഖ്യമന്ത്രി

Webdunia
ബുധന്‍, 4 മെയ് 2016 (08:39 IST)
പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളം പോലൊരു നാട്ടില്‍ സംഭവിക്കരുതാത്ത, നിര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ കര്‍ശനമായ നടപടികളെടുക്കും. അന്വേഷണം ഫലപ്രദമായ രീതിയിലാണ് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നതെങ്കിലും ഇതിനു മറ്റു മാനങ്ങള്‍ നല്‍കരുത്. ഏറ്റവും വേഗത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഷയുടെ അമ്മയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, ആശുപത്രിയില്‍ എത്തിയ മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. നേരത്തെ തന്നെ ആശുപത്രിയില്‍ എത്തിയ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി എത്തിയതോടെ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇത് തടയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് സംരക്ഷണം ഒരുക്കുകയും ചെയ്‌തു.

അതേസമയം, ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ അഞ്ചു മണിക്കുര്‍ ചോദ്യം ചെയ്‌തിട്ടും തെളിവൊന്നും ലഭിച്ചില്ല. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രഹസ്യകേന്ദ്രത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയിട്ടും സംഭവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന യാതൊരു തെളിവോ സൂചനയോ ലഭിച്ചില്ല.
Next Article