കൃത്യം നടത്തിയ ശേഷം അമീറുല്‍ അസമിലേക്ക് കടന്നപ്പോള്‍ തെളിവുകള്‍ നശിപ്പിച്ചതാര് ?; പ്രതിയുടെ വസ്‌ത്രവും കത്തിയും ബാഗില്‍ നിന്ന് എടുത്തുമാറ്റി തെളിവ് നശിപ്പിച്ചവര്‍ പെരുമ്പാവൂരില്‍ തന്നെയുണ്ട്!

Webdunia
ഞായര്‍, 19 ജൂണ്‍ 2016 (12:39 IST)
ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിനെ സഹായിക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നതായി പൊലീസ്. അമീർ ഒളിവിലായിരിക്കുമ്പോള്‍ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നിരുന്നു. കേസിലെ പ്രധാന തെളിവായ കത്തിയും രക്തംപുരണ്ട മഞ്ഞ ഷർട്ടും അമീറുൽ താമസിച്ചിരുന്ന ഇരിങ്ങോൾ വൈദ്യശാലപ്പടിയിലെ ലോഡ്ജിൽ നിന്ന് ആരോ നീക്കിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

കത്തിയും മ​ഞ്ഞ ഷർട്ടും എടുത്തുമാറ്റിയത് ഒരാഴ്‌ച മുമ്പാണെന്നാണ് റിപ്പോര്‍ട്ട്. ലോഡ്‌ജിന് സമീപത്തുനിന്നും കണ്ടെത്തിയ കത്തിയല്ല കൊലപാതകത്തിന് ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു. കണ്ടെത്തിയ കത്തിയുടെ വലുപ്പവും ജിഷയുടെ ശരീരത്തിലേറ്റ മുറിവുകളുമായി പൊരുത്തക്കേടുകള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ കൊലപാതകം നടത്താന്‍ ഉപയോഗിച്ച കത്തി
ആരോ എടുത്തുമാറ്റിയെന്നാണ് അന്വേഷസംഘം പറയുന്നത്.

കുറുപ്പംപടി വട്ടോളിപ്പടി പ്രദേശത്തുള്ള ആരോ അമീറുലിന്റെ സഹായത്തിനായി ഉണ്ടായിരുന്നു. ലോഡ്ജിൽ അമീറുൽ  അഞ്ചുമാസമായി താമസിച്ചിരുന്ന മുറിയിൽ വന്ന് ഇയാളുടെ വസ്ത്രങ്ങൾ അടങ്ങിയ ബാഗ് കൊണ്ടുപോയത് അതേ ലോഡ്ജിലെ മറ്റൊരു മുറിയിൽ തങ്ങിയിരുന്ന അമീറിന്റെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകനാണ്. കത്തി ബാഗിൽ ഉണ്ടായിരുന്നില്ലെന്നു ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോടു പറഞ്ഞു.

ബാഗിലുണ്ടായിരുന്ന മുഷിഞ്ഞ വസ്ത്രങ്ങൾ ലോഡ്ജിനു സമീപത്തെ ചവറു കൂനയിൽ ഉപേക്ഷിച്ചതായും യുവാവു മൊഴി നൽകി. ഇക്കൂട്ടത്തിൽ മഞ്ഞ ഷർട്ട് കണ്ടില്ല. പൊലീസ് ലോഡ്ജും പരിസരവും ഇന്നലെ അരിച്ചു പെറുക്കിയിട്ടും മഞ്ഞ ഷർട്ടും കത്തിയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് അമീറുലിനെ സഹായിക്കുന്നതിനായി ആരോ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നത്.

അതേസമയം, അമീറുൽ ഇസ്‍ലാമിന്റെ സുഹൃത്ത് അനാർ ഉള്ളിനായി അസമിൽ അന്വേഷണം തുടരുകയാണ്.  കൊലപാതകത്തിലേക്ക് നയിച്ചത് സുഹൃത്ത് അനാറിന്റെ വാക്കുകളാണ് എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൊച്ചി സിറ്റി പൊലീസിലെ എസ്ഐ വി ഗോപകുമാർ, വിഎം അനസ്, അനിൽകുമാർ എന്നിവരുടെ സംഘം അസമിൽ എത്തി. കൊലപാതകം നടത്തിയശേഷം അസമിലെ വീട്ടിലേക്കു പോയി എന്നാണു പ്രതി പൊലീസിനു മൊഴി നൽകിയത്.

സംഭവം നടന്ന ദിവസം രണ്ടു തവണയായി അമീറുൽ മദ്യപിച്ചിരുന്നു. പെരുമ്പാവൂരിലെ ഒരു മദ്യഷോപ്പില്‍ നിന്നാണ് രണ്ടാമത് മദ്യപിക്കാനുള്ള മദ്യം വാങ്ങിയത്. ഈ മദ്യം കഴിക്കാന്‍ നേരം സുഹൃത്ത് അനാര്‍ കൂടെയുണ്ടായിരുന്നു. കുളിക്കടവിൽ ഉണ്ടായ സംഭവങ്ങൾ അനാര്‍ പറഞ്ഞതോടെ അമീറുലിനെ പ്രകോപിതനാക്കുകയായിരുന്നു. തുടര്‍ന്നാണ് ജിഷയുടെ വീട്ടിലേക്ക് അമീറുല്‍ പോയത്.

ഈ സാഹചര്യത്തില്‍ ജിഷയുടെ കൊലപാതകം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും സുഹൃത്ത് അനാറിന് വ്യക്തമായി അറിയാമായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിന് ഇയാളെ കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ അനാറിനായി പൊലീസ് അന്വേഷണം ശക്തമാക്കി.  
Next Article