ജിഷയുടെ കൊലപാതകം സംബന്ധിച്ച് പെരുമ്പാവൂരിൽ സി പി എം സംഘടിപ്പിച്ച് വന്നിരുന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. ജിഷ വധക്കേസ് അന്വേഷിക്കാൻ എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാൻ പുതിയ എൽ ഡി എഫ് മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തിലായിരുന്നു ഇത്.
കൊലപാതകം നടന്നിട്ട് ഏകദേശം ഒരു മാസമായിട്ടും പൊലീസിന് കേസ് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കേസന്വേഷണം പുതിയ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം രാപ്പകൽ സമരം ആരംഭിച്ചത്. അധികാരത്തിൽ വന്നതിനു ശേഷം എൽ ഡി എഫ് സർക്കാർ കൈക്കൊണ്ട ആദ്യ നടപടിയായിരുന്നു ഇത്.
അതോടൊപ്പം, ജിഷയുടെ വീട് നിർമ്മാണം 45 ദിവസത്തിനകം പൂർത്തിയാക്കണമെന്നും ജിഷയുടെ അമ്മ രാജേശ്വരിയ്ക്ക് 5000 പെൻഷൻ നൽകാനും സഹോദരി ദീപയ്ക്ക് ജോലി നൽകാനും മന്ത്രിസഭ തീരുമാനമായിരുന്നു. രാവിലെ സമരപന്തലിലെത്തിയ മുൻ മന്ത്രി പി കെ ശ്രീമതി സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.