കൊല ചെയ്യാൻ ഉപയോഗിച്ച കത്തി കണ്ടെത്തി; കൊലപാതകം ചെയ്തതെങ്ങനെയെന്ന് അമീറുൽ വിശദീകരിച്ചു, രക്ഷപെട്ട വഴി പൊലീസിന് ചൂണ്ടിക്കാണിച്ചു കൊടുത്തു

Webdunia
ചൊവ്വ, 28 ജൂണ്‍ 2016 (10:37 IST)
ജിഷയെ കൊലപ്പെടുത്താൻ അമീറുൽ ഉപയോഗിച്ച കത്തി കണ്ടെത്തിയതായി പൊലീസ്. കൂടുതൽ ഉറപ്പിനായി കത്തി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംഭവദിവസം അമീറുൽ ധരിച്ചിരുന്ന വസ്ത്രം കണ്ടെത്താൻ കഴിയുമെന്ന പൊലീസിന്റെ സാധ്യത മങ്ങിയിരിക്കുകയാണ്. വസ്ത്രം അമീറുൽ ട്രെയിനിൽ നിന്നും ഉപേക്ഷിതായാണ് പുതിയ മൊഴി.
 
പ്രതി അമീറുലിനെ തെളിവെടുപ്പിനായി പെരുമ്പാവൂരിലെത്തിച്ചു. പ്രതിയുമായി പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലെത്തി അന്വേഷണസംഘം തെളിവെടുത്തു. വീടിന്റെ ഉള്ളിലും സമീപപ്രദേശങ്ങളിലും പ്രതി രക്ഷപെട്ട വഴിയിലുമെല്ലാം തെളിവെടുപ്പ് നടത്തി. രാവിലെ ആറ് മണിയോടെ ആലുവ പോലീസ് ക്ലബില്‍ നിന്നാണ് അമീറുലുമായി പൊലീസ് പെരുമ്പാവൂരിലേക്ക് പുറപ്പെട്ടത്. 
 
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഡി വൈ എസ് പിമാരായ സോജന്‍, കെ സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. അതേസമയം, അമീറുല്‍ താമസിച്ചിരുന്ന ലോഡ്ജിൽ തെളിവെടുപ്പ് നടത്താനായില്ല. ജനങ്ങൾ തിങ്ങി കൂടിയതിനാൽ ലോഡ്ജിനുള്ളിൽ കയറിയില്ല. മുഖം മറച്ചാണ് അമീറുലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
 
നാട്ടുകാരുടെ പ്രതികരണം ഏത് രീതിയിലാകുമെന്ന ആശങ്കയുള്ളതിനാലാണ് തെളിവെടുപ്പ് അതിരാവിലെയാക്കാന്‍ പൊലീസ് തീരുമാനിച്ചത്. അമീറുലുന്റെ കസ്റ്റഡി കാലാവധി ഈ മാസം ‍30നാണ് തീരുന്നത്. ഇതിനുമുൻപ് തെളിവെടുപ്പ് പൂർത്തിയാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. കസ്റ്റഡി കാലാവധി നീട്ടാൻ കോടതിയെ സമീപിക്കാന്‍ പൊലീസ് ഒരുങ്ങുന്നതായും സൂചനയുണ്ട്. 
 
മുഖംമൂടി ധരിപ്പിച്ചാണ് പൊലീസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്‌. ജിഷയെ കൊലപ്പെടുത്തിയ രീതിയും പെരുമ്പാവൂർ വിട്ടുപോയതും അമീറുല്‍ കൃത്യമായി പൊലീസിനോട് വിവരിച്ചു. എന്നാൽ, കൊലപാതകത്തിനു വിശ്വസനീയമായ കാരണങ്ങളല്ല അമീറുല്‍ വെളിപ്പെടുത്തിയത്. ഈ കേസിൽ പൊലീസിനെ വലക്കുന്ന പ്രധാന ഘടകവും ഇതു തന്നെയാണ്. 
Next Article