അസമിലുള്ള തന്റെ ബന്ധുക്കളോടു സംസാരിക്കണമെന്നു പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം കോടതിയോട് ആവശ്യപ്പെട്ടു. ദളിത് പീഡന നിരോധന നിയമം ഉള്‍പ്പെടുത്തിയതോടെ കേസിന്റെ തുടര്‍ നടപടികള്‍ ഇന്നലെ മുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. റിമാന്‍ഡ് കാലവധി തീര്‍ന്നതോടെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അമീര്‍ തന്റെ ആവശ്യം കോടതിയെ അറിയിച്ചത്.
27 വരെ റിമാന്‍ഡ് കാലവധി നീട്ടിയ കോടതി പ്രതിക്ക് ബന്ധുക്കളോടു സംസാരിക്കാനുള്ള അവസരത്തിനു വേണ്ടി അപേക്ഷ നല്‍കാന്‍ ജഡ്ജി എന്‍ അനില്‍ കുമാര്‍ നിര്‍ദ്ദേശിച്ചു. പ്രതിക്കുവേണ്ടി ഹാജരാകാന്‍ മജിസ്‌ട്രേറ്റ് കോടതി ചുമതലപ്പെടുത്തിയ അഡ്വ. പി രാജനോടു തുടര്‍ന്നും ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജയില്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് പ്രതി ബന്ധുക്കളോട് സംസാരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പികെ സജീവന്‍ കോടതിയെ അറിയിച്ചു. പ്രതിയുടെ അപേക്ഷ പരിഗണിക്കുമ്പോള്‍ പോലീസിന് പറയാനുള്ളതുകൂടി കേള്‍ക്കണമെന്നും ബോധിപ്പിച്ചിട്ടുണ്ട്.