പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിച്ചേക്കും. ഈ മാസം 11ന് തെരഞ്ഞെടുപ്പ് റാലിയില്‍ സംബന്ധിക്കാന്‍ തൃപ്പുണ്ണിത്തുറ മണ്ഡലത്തില്‍ എത്തുന്നുണ്ട്. ആ സമയത്ത് ആയിരിക്കും ജിഷയുടെ അമ്മയെയും പ്രധാനമന്ത്രി സന്ദര്‍ശിക്കുക.
അതേസമയം, കേന്ദ്ര വനിതാ കമീഷന്‍ അംഗം രേഖ ശര്‍മ ജിഷയുടെ അമ്മയെ കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. കേരളത്തില്‍ വീടുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞ അവര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിക്കണമോയെന്ന് പിന്നീട് പറയാമെന്നും രേഖ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസം രാജ്യസഭയില്‍ സി പി എമ്മും ബി ജെ പിയും വിഷയം ഉന്നയിച്ചിരുന്നു. കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ട് പെരുമ്പാവൂര്‍ ഇന്ന് സന്ദര്‍ശിക്കുമെന്ന് രാജ്യസഭയില്‍ വ്യക്തമാക്കുകയും ചെയ്തു. മന്ത്രി ഇന്ന് ജിഷയുടെ അമ്മയെയും സന്ദര്‍ശിക്കും.
അതേസമയം, ജിഷയുടെ കൊലപാതകത്തിൽ കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട്.