വീണ്ടും നെറ്റ് ബാങ്കിങ് തട്ടിപ്പ്. ജെയിൻ സർവകലാശാല പ്രോ വൈസ് ചാൻസലറും കൊച്ചി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ ജെ ലതയുടെ അക്കൗണ്ടിൽനിന്നു രണ്ടു ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. വെള്ളിയാഴ്ച രാവിലെയാണു പ്രോ വൈസ് ചാൻസലറെ തെറ്റിദ്ധരിപ്പിച്ച് മൊബൈൽ ഫോണിൽ വന്ന ഒറ്റത്തവണ പാസ് വേർഡ് സ്വന്തമാക്കി പണം തട്ടിയെടുത്തത്.
വാട്സ്ആപ്പില്‍ ആദ്യം സന്ദേശവും മൊബൈലിൽ കോളുമാണ് ഇവർക്ക് വന്നത്. ആർബിഐയുടെ നിർദേശപ്രകാരം ബാങ്കിൽനിന്നാണു വിളിക്കുന്നത്, ഡെബിറ്റ് കാർഡ് ബ്ലോക്കായി, പുതിയ ചിപ്പ് വച്ച കാർഡ് നൽകാം, എന്നിങ്ങനെ പറഞ്ഞ് ലതയെ വിശ്വസിപ്പിക്കുകയായിരുന്നു. മൊബൈൽ ഫോണിൽ രണ്ടു തവണ ഒടിപി നമ്പർ വരുമെന്നും അതു പറഞ്ഞുതരണമെന്നും സംഘം പറഞ്ഞു.
ഇത് വിശ്വസിച്ച ഡോ ലത ഒടിപി നമ്പർ പറഞ്ഞുകൊടുത്തു. ഈ വിവരം ഭർത്താവിനോടു പോലും പറയരുതെന്നു മുന്നറിയിപ്പു നൽകിയാണ് വിളിച്ചയാൾ ഫോണ്‍ കട്ട് ചെയ്തത്. ഉടൻതന്നെ അക്കൗണ്ടിൽനിന്നു രണ്ടുതവണകളായി 1,92,499 രൂപ പിൻവലിച്ചതായി സന്ദേശവുമെത്തി.
ലതയുടെ ഭർത്താവ് വാട്സ്ആപ്പ് സന്ദേശമെത്തിയ നമ്പറിൽ തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ബാങ്കിൽ ബന്ധപ്പെട്ടപ്പോഴാണു കബളിക്കപ്പെട്ടുവെന്നു മനസിലാകുന്നത്. ഡോ ലതയുടെ പരാതിയിൽ ഐടി ആക്റ്റ് 66 ബി പ്രകാരം കളമശേരി പൊലീസ് കേസെടുത്തിരിക്കുകയാണ്.