'സ്ത്രീ പൂര്‍ണ സന്തോഷത്തോടെ രതിയിലേര്‍പ്പെട്ടാല്‍ മിടുക്കനായ പുത്രന്‍ തന്നെയാണ് ഉണ്ടാവേണ്ടത്'; ഓട്ടിസത്തെക്കുറിച്ച് സുഭാഷ് ചന്ദ്രന്റെ പരാമര്‍ശം വിവാദത്തിൽ

വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (09:02 IST)
ഓട്ടിസത്തെകുറിച്ച് എഴുത്തുകാരന്‍ സുഭാഷ്ചന്ദ്രന്‍ നടത്തിയ പ്രസ്താവന വിവാദത്തിൽ. സുഭാഷ് ചന്ദ്രന്‍ തന്റെ പുതിയ നോവലായ ‘സമുദ്ര ശില’യെ പരിചയപ്പെടുത്തുന്ന വീഡിയോയിലാണ് ഓട്ടിസത്തെക്കുറിച്ചുള്ള പരാമര്‍ശം നടത്തുന്നത്.
 
നോവലിലെ അംബ എന്ന കഥാപാത്രം അവളുടെ ഇഷ്ടപുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടപ്പോള്‍ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള , അല്ലെങ്കില്‍ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയായിട്ട് ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ലെന്നും, സ്ത്രീ അവളുടെ പൂര്‍ണ സന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ മിടുക്കനായ പുത്രന്‍ തന്നെയാണുണ്ടാവേണ്ടതെന്നുമായിരുന്നു സുഭാഷ് ചന്ദ്രന്റെ പരാമര്‍ശം.
 
എന്നാല്‍ ഇത് ഓട്ടിസം എന്ന അസുഖത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും സ്ത്രീവിരുദ്ധവും മനുഷ്യത്തവിരുദ്ധവുമായ പരാമര്‍ശമാണെന്നുമാണ് വിമര്‍ശനം. സുഭാഷ് ചന്ദ്രന്റെ വാദത്തിലെ ശാസ്ത്ര വിരുദ്ധത ചൂണ്ടികാട്ടി ഡോ നെല്‍സണ്‍ ജോസഫും രംഗത്തെത്തിയിരുന്നു.
 
നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
 
കുറെ നാൾ മുൻപ് ഒരു വ്യാജവൈദ്യൻ പറഞ്ഞ ഒരു ആന മണ്ടത്തരമോർമിക്കുന്നു.
 
” ഒരു പുരുഷനും സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് സ്ത്രീ കണ്ണടയ്ക്കുകയാണെങ്കിൽ ഉണ്ടാവുന്ന കുഞ്ഞ് അന്ധനായിരിക്കും ” എന്നായിരുന്നു അത്.
 
വീണ്ടുമോർക്കാൻ കാരണമെന്താന്നായിരിക്കും.
 
എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുതിയ നോവലിനെ പരിചയപ്പെടുത്തുന്ന വീഡിയോയിൽ പറഞ്ഞുകേട്ട ഒരു വാചകമാണ്.
 
” അംബ അവളുടെ ഇഷ്ട പുരുഷനുമൊത്ത് സർവതന്ത്ര സ്വാതന്ത്ര്യങ്ങളോടെയും അന്ന് വെള്ളിയാങ്കല്ലിൽ പോയി രതിലീലയിലേർപ്പെട്ടു.
 
അതാണ് വാസ്തവമെങ്കിൽ അങ്ങനെ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള , അല്ലെങ്കിൽ ഡൗൺ സിൻഡ്രോമുള്ള കുട്ടിയായിട്ട് ജനിപ്പിക്കാൻ എനിക്ക് ആഗ്രഹമില്ല.
 
കാരണം അവിടെ നമ്മള് പറയാൻ ഉദ്ദേശിച്ചതെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്. സ്ത്രീ അവളുടെ പൂർണ സന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേർപ്പെട്ടാൽ ഒരു മിടുക്കനായ പുത്രൻ തന്നെയാണുണ്ടാവേണ്ടത് “
 
പറയാൻ ഉദ്ദേശിച്ചതെന്താന്ന് സത്യത്തിൽ മനസിലായില്ല..എന്തായാലും ശരി.
 
ഓട്ടിസം എന്ന അവസ്ഥയിലൂടി കടന്നുപോവുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും നേരിടുന്ന ബുദ്ധിമുട്ടുകൾ നമുക്കറിയാം.
 
അവിടേക്കാണ് പൂർണ സന്തോഷമില്ലാതെയോ അല്ലെങ്കിൽ ഇഷ്ടമില്ലാതെ ബന്ധപ്പെട്ടതുകൊണ്ടാണ് കുഞ്ഞുണ്ടായപ്പൊ ഓട്ടിസമുണ്ടായത് എന്ന തിയറിയുമായി…
 
ഒരു കുഞ്ഞിനെ മിടുക്കനെന്നോ മിടുക്കില്ലാത്തവനെന്നോ മുദ്രകുത്താനുള്ള സ്കെയിൽ എന്താണെന്ന് സത്യത്തിൽ അറിയില്ല. ഓരോ രീതിയിൽ കഴിവുറ്റവരാണവർ.
 
കൃത്യമായി, സ്ഥിരമായി വിദഗ്ധരുടെ സഹായത്തോടെ നൽകുന്ന പരിശീലനം, ഒപ്പം സമൂഹത്തിൻ്റെയും കുടുംബത്തിൻ്റെയും പിന്തുണ എന്നിവയാണ് അവർക്കാവശ്യം…
 
രണ്ടാമത് സ്ത്രീവിരുദ്ധത… സമൂഹത്തിൻ്റെ സ്കെയിൽ വച്ച് അളക്കുമ്പൊ കുറവുകളുണ്ടെന്ന് പൊതുജനം പറയുന്ന കുഞ്ഞുങ്ങളുടെയെല്ലാം പ്രശ്നങ്ങൾക്ക് കാരണം സ്ത്രീകളാണെന്ന ആ ഒരു പറച്ചിലുണ്ടല്ലോ…അത്..
 
മനുഷ്യത്വരഹിതമെന്നതിലപ്പുറം ഒരു വിശേഷണവും പറയാൻ തോന്നുന്നില്ല.ഏതുതരം സാഹിത്യകാരനാണെങ്കിലും ശരി സമൂഹത്തിലുള്ള കാര്യങ്ങളെക്കുറിച്ച് പറയുമ്പൊ കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍