അട്ടക്കുളങ്ങര ജയിലില്‍ തന്നെ കാണാന്‍ വന്നത് കെ ബി ഗണേഷ് കുമാറിന്റെ പി എ ആയിരുന്നെന്ന് സരിത എസ് നായര്‍. സോളാര്‍ കമ്മീഷനു മുമ്പില്‍ നല്കിയ മൊഴിയിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. അമ്മയുടെ ഒപ്പം തന്നെ കാണാന്‍ ജയിലില്‍ വന്നത് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ പി എ ആയിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയിലില്‍ വന്നതെന്ന് പി എ പ്രദീപ് പറഞ്ഞു. യു ഡി എഫ് സര്‍ക്കാരിനെതിരെ നീങ്ങരുതെന്നും നഷ്‌ടം പരിഹരിക്കാമെന്നും പറഞ്ഞു. എന്നാല്‍, താന്‍ വഴങ്ങിയില്ലെന്നും സരിത വ്യക്തമാക്കി.
മുഖ്യമന്ത്രിയും ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും അമ്മയോട് സംസാരിച്ചിരുന്നു. എല്ലാം തീര്‍ക്കാമെന്ന് അവര്‍ പറഞ്ഞതായി അമ്മ പറഞ്ഞു. ജയിലില്‍ വെച്ച് എഴുതിയ കത്ത് ചുരുക്കിയത് ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും പറഞ്ഞപ്രകാരം ആയിരുന്നെന്നും സരിത മൊഴി നല്കി.
അതേസമയം, മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും സരിത വെളിപ്പെടുത്തി.
ആദ്യം ലേ മെറിഡിയന്‍ ഹോട്ടലില്‍ വെച്ച് കാണാമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍, അവിടെ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്ന് കാണാന്‍ കഴിഞ്ഞില്ല. സലിം രാജ് ഫോണില്‍ മുഖ്യമന്ത്രിയെ കണക്‌ട് ചെയ്തിരുന്നു. അന്ന് രാത്രി 10.45ന് മുഖ്യമന്ത്രിയുമായി സംസാരിച്ചു.
പിറ്റേന്ന്, മുഖ്യമന്ത്രിയെ കാണുന്നതിനായി രാവിലെ 08.45ന് ക്ലിഫ് ഹൌസിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യയും മകനും പുതുപ്പള്ളിയിലെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആ സമയത്ത് മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. അവരെ മാറ്റിയ ശേഷമാണ് താന്‍ മുഖ്യമന്ത്രിയുമായി സംഭാഷണം നടത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയില്‍ വിളിച്ചിരുത്തിയാണ് സംസാരിച്ചത്. ബിജുവുമായി സംസാരിച്ചതും ബിസിനസ് കാര്യങ്ങളും പറഞ്ഞു. സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തില്ല. എന്നാല്‍, മുഖ്യമന്ത്രി ബിജു രാധാകൃഷ്‌ണനുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നും സരിത പറഞ്ഞു.
ബിജുവും മുഖ്യമന്ത്രിയും എമര്‍ജിംഗ് കേരള വേദിയില്‍ വെച്ച് കണ്ടെന്നാണ് കരുതുന്നത്. ഒരു മാധ്യമപ്രവര്‍ത്തകനൊപ്പം ആയിരുന്നു ബിജു മുഖ്യമന്ത്രിയെ കണ്ടത്.