വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടില്‍ ഒരിടത്ത് പോലും അദ്ദേഹം കുറ്റക്കാരനാണെന്ന് പറയുന്നില്ല. ജേക്കബ് തോമസിന്റെ രാജിക്കത്തില്‍ വരെ കലാശിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ധനവകുപ്പിന്റെ രേഖകളില്‍ പറയുന്നതെന്നുമാണ് ദേശാഭിമാനി വ്യക്തമാക്കുന്നത്.
പ്രതിപക്ഷത്തെ ഉന്നതര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ജേക്കബ് തോമസിനെ തേജോവധം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ചില ലോബികള്‍ ഈ റിപ്പോര്‍ട്ട് പൊടി തട്ടിയെടുത്തത്.
സിഡ്‌കോ, കെല്‍ട്രോണ്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ വരുത്തിയ വീഴ്ചകള്‍ അക്കമിട്ട് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസ് തെറ്റ് ചെയ്‌തെന്നോ അദ്ദേഹം സാമ്പത്തികനേട്ടം കൈവരിച്ചെന്നോ എങ്ങും പറയുന്നില്ല.
ഫോര്‍ക്ക് ലിഫ്റ്റുകള്‍, ക്രെയിനുകള്‍ എന്നിവ തുടങ്ങിയവുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരായ ആരോപണങ്ങളെല്ലാം വ്യാജമാണെന്നും ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മൂന്നു തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു പ്രധാന പ്രചാരണം. കെല്‍ട്രോണും സിഡ്‌കോയും ഏറ്റെടുത്ത പ്രവൃത്തിയില്‍ തുറമുഖ ഡയറക്ടര്‍ കുറ്റക്കാരനല്ലെന്ന് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.
വലിയതുറയില്‍ തുറമുഖ ഡയറക്ടര്‍ ഓഫീസ് നിര്‍മിച്ചതിന് നേതൃത്വം നല്‍കിയത് തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കര്‍മസമിതിയായിരുന്നു. ഇതിലും ഡയറക്ടര്‍ക്ക് പങ്കില്ല. കരിമണല്‍ വിറ്റ 14.45 ലക്ഷം രൂപ തിരിമറി നടത്തിയെന്ന ആരോപണവും റിപ്പോര്‍ട്ട് തള്ളുന്നു.
കെല്‍ട്രോണില്‍നിന്ന് ലാപ്‌ടോപ്പുകള്‍ വാങ്ങിയതിലും ആലുവ ട്രാവന്‍കൂര്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍നിന്ന് സ്റ്റീല്‍ ഫര്‍ണിച്ചര്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയതിലും ജേക്കബ് തോമസിനെതിരായി ഉന്നയിച്ച ആക്ഷേപത്തിലും കഴമ്പില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഗോദ്‌റെജ് കമ്പനിയില്‍നിന്ന് ഫര്‍ണിച്ചര്‍ വാങ്ങിയത് ട്രാവന്‍കൂര്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസായതിനാല്‍ പോര്‍ട്ട് ഡയറക്ടര്‍ കുറ്റക്കാരനല്ലെന്നാണ് കണ്ടെത്തല്‍. ഓഡിയോ വിഷ്വല്‍ ഡൈവിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തില്‍ പോര്‍ട്ട് ഡയറക്ടറില്‍നിന്ന് വിശദീകരണം തേടിയാല്‍മാത്രം മതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.