Mohanlal Ivory Case: ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തിങ്കള്‍, 29 ഓഗസ്റ്റ് 2022 (16:17 IST)
ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിയതിനെതിരെ ഹര്‍ജി സമര്‍പ്പിച്ച മോഹന്‍ലാലിനെതിരെ ഹൈക്കോടതി. മോഹന്‍ലാല്‍ നേരിട്ട് ഹര്‍ജി നല്‍കിയതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. മോഹന്‍ലാലിന് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോയെന്ന് ചോദിച്ച കോടതി സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കേണ്ടതെന്നും വ്യക്തമാക്കി. 
 
പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സര്‍ക്കാര്‍ ആവശ്യം തള്ളി ഉത്തരവിട്ടത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറയുന്നു.
 
വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2016ലും 2019ലും താരം കോടതിക്ക് അപേക്ഷ നല്‍കിയിരുന്നു. 2012 ജൂണിലാണ് ആദായനികുതി വിഭാഗം നടത്തിയ റെയ്ഡില്‍ മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയത്.
 
നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വെച്ചതിനാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍