സിറിയയിലെയും ഇറാക്കിലെയും ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കയി തുടര്‍ന്നും സഹകരിക്കാന്‍ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. വിഷയത്തില്‍ ഫ്രാന്‍സിന്റെ സൈനിക ഇടപെടലുകളുമായി സഹകരിക്കാന്‍ തയാറാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒലോൻദുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുടിൻ വ്യക്തമാക്കി.
ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭികര്‍ക്കെതിരെയുള്ള പോരാട്ടത്തിന് സഖ്യം ആകാമെങ്കിലും തുര്‍ക്കി ചെയ്‌തതുപോലെയുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. അത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരിക്കും. ഇത്തരം സാഹചര്യത്തിൽ സഹകരണം ഇല്ലാതെ തനിച്ച് തിരിച്ചടിക്കുമെന്നും പുടിൻ വ്യക്തമാക്കി.
ഐഎസിനെതിരെ യുഎസ് നയിക്കുന്ന സഖ്യവുമായി സഹകരിക്കാൻ തയാറാണ്. എന്നാൽ ഞങ്ങളുടെ വിമാനം തകർക്കുകയും ജീവനക്കാരൻ കൊല്ലപ്പെടുന്നതുമായ സംഭവങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. ഇനി ഇത്തരം മുന്നറിയിപ്പ് നൽകില്ല. ഞങ്ങൾക്ക് ആരുടെയും ഒരു രാജ്യത്തിന്റെയും സഹകരണം ആവശ്യമില്ല. റഷ്യ ഒറ്റയ്ക്കുമതിയെന്നും പുടിൻ പറഞ്ഞു.
അതേസമയം, സിറിയൻ അതിർത്തിയിൽ റഷ്യൻ വിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുകയാണ്. തുർക്കിയ്ക്കെതിരെ സാമ്പത്തിക ഉപരോധം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ് വദേവ് വ്യക്തമാക്കി. തുർക്കിയുടെ നടപടി 'രാജ്യത്തിനു നേരെയുളള ആക്രമണ'മാണെന്ന് മെദ്വേദേവ് പ്രതികരിച്ചു. വിമാനം വെടിവെച്ചിട്ടതിൽ മാപ്പ് പറയണമെന്ന ആവശ്യം തുർക്കി തള്ളിയ സാഹചര്യത്തിലാണ് റഷ്യൻ നടപടി.
ഉപരോധത്തിന്‍റെ ഭാഗമായി റഷ്യയിലെ തുർക്കിഷ് വ്യാപാരം സ്ഥാപനങ്ങൾ പൂട്ടിക്കും. തുർക്കിയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കും. ചരക്കു വാഹനങ്ങൾ അതിർത്തിയിൽ തടയും. ഇരുരാജ്യങ്ങൾ ധാരണയിലെത്തിയ നിക്ഷേപ പദ്ധതികൾ പിൻവലിക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്.
തുർക്കി സന്ദർശിക്കുന്നതിൽ നിന്ന് പൗരന്മാരെ വിലക്കിയ റഷ്യൻ അധികൃതർ, പൗരന്മാർ എത്രയും വേഗം മടങ്ങണമെന്ന് നിർദേശം നൽകുകയും ചെയ്തു. തുർക്കി സൈനിക നേതൃത്വവുമായുള്ള ആശയവിനിമയങ്ങൾ അവസാനിപ്പിക്കുമെന്നും റഷ്യൻ അധികൃതർ അറിയിച്ചു. ഉപരോധം പ്രാബല്യത്തിൽ വരുന്നത് തുർക്കി സമ്പദ് വ്യവസ്ഥക്കാണ് കനത്ത തിരിച്ചടിയാകുന്നത്. റഷ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യം തുർക്കിയാണ്.
കയറ്റുമതിയിൽ തുർക്കിയുടെ പ്രധാന പങ്കാളിയാണ് റഷ്യ. അടുത്ത എട്ടു വർഷത്തിനുളളിൽ ഇരു രാജ്യങ്ങൾ തമ്മിലുളള വ്യാപാരം പതിനായിരം കോടി ഡോളറായി വർദ്ധിപ്പിക്കാൻ അടുത്തിടെ തുർക്കി പ്രസിഡന്റ് റെസെപ് തയ്യബ് എർദോഗനും പുടിനും തമ്മിലുളള കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.