ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ പ്രസംഗിച്ചതിന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കുമെന്ന് ഹെയ്‌ൽ ഇസ്‍ലാമിക് സ്റ്റേറ്റ് കണ്ണൂർ ജിഹാദ് ഗ്രൂപ്പിന്റെ പേരിൽ ഭീഷണിക്കത്ത്. ജയരാജനയോ മകനയോ വധിക്കുമെന്നാണ് വി ആർ വാച്ചിങ്ങ് യു’ എന്നു തുടങ്ങുന്ന തപാലിൽ അയച്ച കത്തിൽ പറയുന്നത്.
ലോകം മുഴുവൻ വ്യാപിച്ച സംഘടനയാണു ഞങ്ങളുടേത്. അതിനാല്‍ ഏതു നിമിഷവും നിന്നെ ഞങ്ങള്‍ക്ക് കൊല്ലാന്‍ സാധിക്കും. ഐ എസിനെക്കുറിച്ച് വല്ലാതെയങ്ങു പറഞ്ഞു. വളരെ ദൂരെവച്ച് നിന്റെ നെഞ്ചിന്റെ കൂട് തകർക്കുമെടാ. സംഘടനയ്‌ക്കെതിരെ കൂടുതല്‍ സംസാരിക്കേണ്ട അതാണ് നിനക്ക് നല്ലത്. നീ അല്ലെങ്കില്‍ നിന്റെ മകന്‍ ഇതിന്റെയൊക്കെ ഫലം അനുഭവിക്കും. നിന്റെ വീട്ടിൽ മയ്യത്ത് നടന്നാൽ മാത്രമേ നിനക്കതിന്റെ വേദന അറിയൂ എന്നും കത്തില്‍ വ്യക്തമാക്കുന്നു.
അടുത്ത മൂന്ന് മാസങ്ങള്‍ നിനക്കായി മാറ്റിവച്ചിരിക്കുകയാണ് യുവാക്കളടങ്ങിയ ഞങ്ങളുടെ സംഘം. ഞങ്ങള്‍ എവിടെയും എല്ലായിടത്തുമുണ്ട്. ആർഎസ്എസുകാരുടെ കൈയിൽ നിന്നു നീ രക്ഷപ്പെട്ടത് അവർ ഒന്നിനും കൊള്ളാത്തവരും വിഡ്ഢികളുമായതിനാലാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
കത്തിന്റെ കോപ്പി സഹിതം പി.ജയരാജൻ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. പരാതിയുടെ കോപ്പി ഡിജിപിക്കും അയച്ചിട്ടുണ്ട്. വെള്ളക്കടലാസിൽ പച്ചമഷി കൊണ്ടു മലയാളത്തിലെഴുതിയ കത്ത്.