സായുധസേനാ മേധാവികളുടെ സംയുക്തയോഗം ഐഎൻഎസ് വിക്രമാദിത്യയിൽ ആരംഭിച്ചു. ആദ്യമായാണ് സേനാമേധാവികളുടെ സംയുക്ത യോഗം ഡല്‍ഹിക്കു പുറത്ത് നടക്കുന്നത്. കൊച്ചിതീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാകും വിക്രമാദിത്യ സഞ്ചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മൂന്ന് സേനകളിലെയും പ്രതിരോധമന്ത്രാലയത്തിലെയും ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍കെ ധോവന്‍, വ്യോമസേനാ മേധാവി അരൂപ് റാഹ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. പ്രതിരോധനയം ഉൾപ്പെടെയുള്ള കാര്യങ്ങളും ഭികരതയെ എങ്ങനെ തടയാം എന്നും യോഗത്തില്‍ ചര്‍ച്ചയാകും.
സേനകളുടെ പ്രവര്‍ത്തനങ്ങളും വരുത്തേണ്ട മാറ്റങ്ങളും യോഗം ചര്‍ച്ചചെയ്യും. സൈനികരംഗത്തെ പ്രശ്‌നങ്ങള്‍ മേധാവികള്‍ അവതരിപ്പിക്കും. പുതിയ സൈനിക പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യും. തീരദേശ സുരക്ഷ സംബന്ധിച്ച പുതിയ പദ്ധതികള്‍ നാവികസേനാ മേധാവി പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞകാലയളവിലെ സേനയുടെ പ്രവർത്തനം വിലയിരുത്തുകയും ഭാവി പരിപാടികൾക്കു രൂപം നൽകുകയും ചെയ്യും. അപ്രതീക്ഷിതമായ ഭീഷണിയും അദൃശ്യനായ ശത്രുവും എന്ന വിഷയത്തിലാകും ചർച്ചയിൽ കരസേനയുടെ ഊന്നൽ.
പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരമാണ് സൈനിക യോഗം ഡല്‍ഹിക്കു പുറത്ത് നടത്തുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് ചരിത്രദൗത്യം നാവികസേന ഏറ്റെടുക്കുകയായിരുന്നു. നാവികസേനയുടെ അഭ്യാസപ്രകടനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.