ഹര്‍ ഘര്‍ തിരംഗ മറ്റന്നാള്‍ മുതല്‍; വീടുകളില്‍ ദേശീയ പതാക രാത്രി താഴ്‌ത്തേണ്ടതില്ല !

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 11 ഓഗസ്റ്റ് 2022 (17:07 IST)
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ'യ്ക്കു മറ്റന്നാള്‍ തുടക്കമാകും. നാളെ മുതല്‍ ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തെ വീടുകളിലും സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തും.
 
വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഈ മൂന്നു ദിവസം രാത്രി താഴ്‌ത്തേണ്ടതില്ല.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവക്കാര്‍ തുടങ്ങിയവര്‍ അവരവരുടെ വസതികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അഭ്യര്‍ഥിച്ചു. ഫ്‌ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാകണം ദേശീയ പതാക ഉയര്‍ത്തേണ്ടത്. കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂല്‍ക്കുന്നതോ നെയ്തതോ മെഷീനില്‍ നിര്‍മിച്ചതോ ആയ ദേശീയ പതാക ഉപയോഗിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍