ദേശീയപതാക ഉയർത്തുന്നതിനായി പട്ടികജാതിക്കാരിയായ സി പി എം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചു വരുത്തിയ ശേഷം അപമാനിച്ച് ഇറക്കിവിട്ട സ്കൂൾ ഹെഡ്മാസ്റ്ററുടെ നടപടിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം. ഉമ്മന്നൂർ എൽ പി സ്കൂളിൽ നടന്ന സംഭവം വിവാദമായിരുന്നു. കഴിഞ്ഞ സ്വാതന്ത്യദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
സ്കൂളുകാരുടെ ക്ഷണം പ്രകാരം സ്കൂളിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഗീത കേശവൻകുട്ടിയുടെ കയ്യിൽ നിന്നും ഹെഡ്മാസ്റ്റർ വിക്ടർ ജയിംസ് ദേശീയ പതാക തട്ടിപ്പരിക്കുകയും പട്ടികജാതിക്കാരി അങ്ങനെ ഇപ്പോൾ പതാക ഉയർത്തണ്ട എന്നു പറയുകയുമായിരുന്നു. ഇവരെ വേദിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. തുടർന്ന് ഹെഡ്മാസ്റ്റർ പതാക ഉയർത്തുകയായിരുന്നു.