സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

നിഹാരിക കെ.എസ്

ഞായര്‍, 13 ജൂലൈ 2025 (08:35 IST)
ഗുരുപൂർണ്ണിമയുടെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധപൂർവ്വം അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവത്തിൽ കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും പൊലീസിനോടും കമ്മീഷൻ വിശദീകരണം തേടി. വിദ്യാഭ്യാസ വകുപ്പും റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
 
കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. സംഭവം അടിയന്തര സ്വഭാവത്തിൽ അന്വേഷിക്കണമെന്നാണ് കമ്മീഷൻ നിർദേശം. 
 
അതേസമയം നേരത്തെ കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠം സ്കൂളിലും ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠത്തിലും വിദ്യാർത്ഥികളെകൊണ്ട് പാദപൂജ ചെയ്യിപ്പിച്ചിരുന്നു. സംഭവം ജുവൈനൽ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനമാണെന്ന് ബാലവകാശ കമ്മീഷൻ അംഗം അഡ്വ. ബി മോഹൻ കുമാർ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേക്ഷണം നടത്തി.
 
കുട്ടികളെ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും വഴിതിരിച്ചു വിടുന്ന പ്രവർത്തിയാണിത്. കർശന നിലപാട് സ്വീകരിക്കുമെന്നും മോഹൻ കുമാർ പറഞ്ഞു. കുട്ടികൾക്ക് ആത്മാഭിമാനം ഉണ്ട്, എന്നിട്ടാണ് അധ്യാപകരുടെ കാൽ ചുവട്ടിൽ ഇരിക്കുന്നതെന്നും മോഹൻ കുമാർ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍