വൈദ്യുത വിതരണ രംഗത്ത് സ്വയം പര്യാപ്തമാവുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ഇതിനായി ആധുനിക രീതിയിലുള്ള വിതരണ സമ്പ്രദായം വികസിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി 220 കെ വി സബ് സ്റ്റേഷന്റെയും ജോലിക്കാര്‍ക്കുള്ള പാര്‍പ്പിട സമുച്ചയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നമുക്ക് ലഭ്യമായ സ്രോതസ്സുകള്‍ ഉപയോഗിച്ച് വൈദ്യുതിയുടെ ഉത്പാദനം കൂട്ടാന്‍ കഴിയണം. പുറമേ നിന്നും വൈദ്യുതി വാങ്ങുന്നതിന് അളവ് കുറച്ച് ലഭ്യമായ വൈദ്യുതി പാഴാക്കാതെ ഉപയോഗിക്കാനും നമുക്ക് കഴിയണം. ഇതിനായി പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. എല്‍ ഇ ഡി ബള്‍ബുകളും ട്യൂബുകളും മറ്റും ഉപയോഗിക്കുന്ന ശീലം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.