സിപിഎം ഇടുക്കി, കാസര്‍കോട് ജില്ലാ സെക്രട്ടറിമാരെ ഇന്നറിയാം. ഇടുക്കിയില്‍ കെ.കെ ജയചന്ദ്രന്‍ എംഎല്‍എയും കാസര്‍കോഡ് കെ.കെ ജയചന്ദ്രനും സെക്രട്ടറിമാരാകുമെന്നാണ് സൂചന. ഇടുക്കിയില്‍ പുതിയ ജില്ലാ കമ്മറ്റിയില്‍ നിന്ന് വി.എസ് പക്ഷത്തെ പൂര്‍ണമായി വെട്ടിനിരത്തി ഔദ്യോഗിക പക്ഷം പിടിമുറുക്കുമെന്നാണ് സൂചന. ജില്ലാകമ്മറ്റിയിലുള്ള വിഎസ് പക്ഷക്കാരെ സമ്മളേനത്തോടെ ഒഴിവാക്കുമെന്നാണ് സൂചന. സെക്രട്ടറിയാകുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ജയചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിവാക്കണമെന്ന ജയചന്ദ്രന്റെ ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നാണു സൂചന.
ജയചന്ദ്രന്‍ പിന്മാറിയാല്‍ സി.വി വര്‍ഗീസിനോ, കെ.വി ശശിക്കോ നറുക്കുവീണേക്കും. ഇന്ന് ചേരുന്ന ഡിസി യോഗമാകും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. 27ലവര്‍ഷം ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ച എം.എം മണിയുടെ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ജില്ലാ കമ്മറ്റിയില്‍ വി.എസ് പക്ഷത്ത് അവശേഷിക്കുന്ന എന്‍. ശിവരാജന്‍, എന്‍.വി ബേബി ഉള്‍പ്പെടെ നാല് പേരെ ഒഴിവാക്കുമെന്നാണ് സൂചന. എന്നാല്‍ സമവായ രീതിയി പുതിയ ആളികളെ എടുക്കാന്‍ തീരുമാനിച്ചേക്കുമെന്നാണ് സൂചന.
കാസര്‍കോട് കെപി സതീശ് ചന്ദ്രന്‍ സെക്രട്ടറിയായി തുടരാന്‍ ധാരണയായെന്ന് സൂചന. കാസര്‍കോട് ഇന്നലെ രാത്രി ചേര്‍ന്ന ജില്ലാ സേക്രട്ടറിയറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. നേതൃമാറ്റമൊന്നുമില്ലാതെ കെപി സതീശ് ചന്ദ്രന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി തുടരണമെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. രണ്ടാം ദിവസത്തെ സമ്മേളന നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ചേര്‍ന്ന ജില്ലാസെക്രട്ടറിയറ്റ് യോഗത്തില്‍ മേല്‍ക്കമ്മിറ്റി ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.
ബഹുജന സംഘടനകളിലുള്ളവര്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കി കാസര്‍കോട് ജില്ലാ കമ്മിറ്റി വിപുലപ്പെടുത്താനാണ് സാധ്യത. ഇത് പ്രകാരം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടികെ രാജന്‍, മഹിളാ അസോസിയേഷന്‍ നേതാവ് ഇ പത്മാവതി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, എന്നിവരെ കൂടി ഉള്‍പ്പെടുത്തി കമ്മിറ്റി വിപൂലീകരിക്കും. നേരത്തെ കാഞ്ഞങ്ങാട് ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക വിഭാഗത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ രാജ്‌മോഹനേയും പരിയാരം മെഡിക്കല്‍ കോളജിലെ സീറ്റ് വിവാദത്തെത്തുടര്‍ന്ന് തരം താഴ്ത്തപ്പെട്ട വിവി രമേശനെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്.
ഇന്നു വൈകിട്ടോടെ രണ്ട് ജില്ലാ സമ്മേളനങ്ങളും അവസാനിക്കും. സമ്മേളനത്തിന്റെ സമാപന ദിനമായ ഇന്ന് ജില്ലാ കമ്മിറ്റിയുടെ പാനല്‍ അവതരിപ്പിക്കും. ജില്ലാ സെക്രട്ടറിയെ തിരഞ്ഞടുക്കുന്നതോടെ പ്രതിനിധിസമ്മേളനം സമാപിക്കും. കാസര്‍കോട് ജില്ലാസമ്മേളനത്തിന്റെ ചട്ടഞ്ചാലില്‍ നടക്കുന്ന പൊതു സമ്മേളനം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.