മനുഷ്യക്കടത്ത്: സമഗ്ര അന്വേഷണം നടത്തണമെന്ന് പിണറായി

ചൊവ്വ, 3 ജൂണ്‍ 2014 (10:29 IST)
യതീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്ന വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിഷയത്തില്‍ മതപരമായ ചേരിതിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ് നീതിബോധമുള്ള അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം. ഒപ്പം അനാഥാലയങ്ങളില്‍നിന്ന് പഠനംകഴിഞ്ഞും മറ്റും പുറത്തുപോയവരുടെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന പുസ്തക പ്രകാശനവും സാംസ്കാരിക സംവാദവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
 
കുട്ടികളുടെ മനുഷ്യത്വപ്രശ്നമാണ് നിലനില്‍ക്കുന്നത്. അതിനെ അനധികൃത കുടിയേറ്റം എന്നു പറയുന്നത് ശരിയല്ല. മതേതര സ്വഭാവത്തിന് പകരം മതാടിസ്ഥാനത്തിലും ജാതിയടിസ്ഥാനത്തിലും അനാഥാലയങ്ങള്‍ വേണോ എന്ന് നടത്തിപ്പുകാര്‍ ചിന്തിക്കണം. കൂട്ടത്തോടെ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നതില്‍ സര്‍ക്കാറിന്‍െറ അലംഭാവമാണ് കാണുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇതിന് ഉത്തരവാദികളാണ്.
 
നിയമലംഘനം നടന്നെന്നത് വ്യക്തമാണ്. ആരും നിയമത്തിന് അതീതരല്ലെന്ന് യതീംഖാനകള്‍ മനസ്സിലാക്കണം. സമഗ്ര അന്വേഷണത്തിന് സഹകരിക്കുകയാണ് അവര്‍ ചെയ്യേണ്ടതെന്നും പിണറായി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക