ഹോട്ടലുകള്‍ക്ക് ഇനി പിടിവീഴും, വിലകൂട്ടി ഭക്ഷണം വിറ്റാല്‍ പിഴ 5000 രൂപ

വെള്ളി, 15 മെയ് 2015 (14:16 IST)
ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് അമിത വില ചുമത്തുന്നു എന്ന പരാതികള്‍ക്കിടെ ഹോട്ടലുകളെ നിയന്ത്രിക്കാന്‍ ഗ്രേഡിംഗ് സംവിധാനങ്ങള്‍ വരുന്നു.  ഹോട്ടലുകളെ അടിസ്‌ഥാന സൗകര്യത്തിന്റെയും മറ്റും അടിസ്‌ഥാനത്തിൽ ഗ്രേഡ് തിരിക്കും. ഗ്രേഡ് അടിസ്‌ഥാനത്തിലാവും ഓരോ ഹോട്ടലിലും ഈടാക്കാവുന്ന പരമാവധി തുക നിശ്‌ചയിക്കുക. എല്ലാ ഹോട്ടലുകളും അവയുടെ ഗ്രേഡിന് അനുസരിച്ചു ജില്ലാ അതോറിറ്റിയിൽ റജിസ്‌റ്റർ ചെയ്യണം. അല്ലാത്തവ പ്രവർത്തിക്കാൻ അനുവദിക്കില്ല. അമിത വില ഈടാക്കിയാലും റജിസ്‌ട്രേഷനില്ലാതെ പ്രവർത്തിച്ചാലും ഹോട്ടലുകൾക്ക് 5000 രൂപ വരെ പിഴ ചുമത്താം.

ഇത്തരം കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന കരട് നിയമം തയ്യാറായതായാണ് റിപ്പോര്‍ട്ടുകള്‍. നിയമലംഘനം നടത്തുന്നുണ്ടോ എന്നറിയുന്നതിനായി സംസ്ഥാന തലത്തിലും ജില്ലാതലങ്ങളിലും നിയമപ്രകാരം അഥോറിറ്റി നിലവില്‍ വരും. ഭക്ഷണസാധന പരമാവധി വില നിശ്‌ചയിക്കുകയോ, ജില്ലാ അതോറിറ്റിക്ക് ഇക്കാര്യത്തിൽ മാർഗനിർദേശം നൽകുകയോ ആണു സംസ്‌ഥാന അതോറിറ്റിയുടെ മുഖ്യ ചുമതല. നിയമ ലംഘനം കണ്ടുപിടിച്ച് ശിക്ഷ വിധിക്കുകയാണ് ജില്ലാ അഥോറിറ്റികള്‍ ചെയ്യുക.

ഭക്ഷ്യമന്ത്രിയാണ് സംസ്ഥാന അഥോറിറ്റിയുടെ ചെയർമാനാകുക. ഭക്ഷ്യ, ധന സെക്രട്ടറിമാർ, സിവിൽ സപ്ലൈസ് ഡയറക്‌ടർ, സാമ്പത്തിക വിദഗ്‌ധൻ, ഹോട്ടൽ ഉടമകളുടെ പ്രധാന സംഘടനകളിൽ നിന്നു സർക്കാർ നാമനിർദേശം ചെയ്യുന്ന അഞ്ചുപേർ എന്നിവർ അംഗങ്ങൾ. അഞ്ചു വർഷം കാലാവധി. ആറു മാസത്തിലൊരിക്കൽ യോഗം ചേരണം. ജില്ലാ അതോറിറ്റിയില്‍ കലക്‌ടറാണു ചെയർമാൻ. ജില്ലാ സപ്‌ളൈ ഓഫിസർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയർമാൻമാർ, സെക്രട്ടറിമാർ, ഹോട്ടൽ ഉടമകളുടെ സംഘടനകളിൽ നിന്നു മൂന്നുപേർ, ജില്ലയിൽ എട്ടു വർഷമെങ്കിലും ഹോട്ടൽ നടത്തിയിട്ടുള്ള രണ്ടുപേർ തുടങ്ങിയവർ അംഗങ്ങളാകും. അംഗങ്ങളുടെ കാലാവധി മൂന്നു വർഷം. മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരണം.

ജില്ലാ അഥോറിറ്റിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന അഥോറിറ്റിയില്‍ അപ്പീല്‍ പോകാന്‍ സൌകര്യമുണ്ടാകും. എന്നാല്‍ അഥോറിറ്റിയുടെ പ്രവർത്തനങ്ങളിൽ സിവിൽ കോടതിക്ക് ഇടപെടാനാവില്ല. അഥോറിറ്റികൾ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്‌ഥൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലേ ഈ നിയമം അനുസരിച്ചുള്ള ശിക്ഷ കോടതികൾക്കു പരിഗണിക്കാനാവൂ.

കൂടാതെ ഹോട്ടലുകള്‍ക്ക് ഗ്രേഡ് നിശ്ചയിക്കുകയും അതനുസരിച്ച് ഭക്ഷണ വില ക്രമീകരിക്കുകയും ചെയ്യുന്നത് ജില്ലാ അഥോറിറ്റികളായിരിക്കും. ഉപഭോക്‌തൃ വിലസൂചിക, മൊത്ത വിലസൂചിക, ഹോട്ടൽ നടത്തിപ്പിന് ആവശ്യമായ സാധനങ്ങളുടെ വില, തൊഴിലാളികളുടെ വേതനം, മറ്റു ചെലവുകൾ എന്നിവ പരിഗണിച്ചാണു വില നിശ്‌ചയിക്കുക. വില നിയന്ത്രിക്കുന്നതിനു മുന്നോടിയായി ഗ്രേഡ് പ്രകാരം നിശ്‌ചയിച്ച ഭക്ഷ്യസാധന വില പത്രത്തിൽ പരസ്യം ചെയ്യുകയും ഹോട്ടലിൽ പ്രദർശിപ്പിക്കുകയും വേണം. ആവശ്യമെങ്കിൽ ജില്ലാ അതോറിറ്റിയുടെ നിർദേശപ്രകാരം സംസ്‌ഥാന അതോറിറ്റിക്കു വില പുതുക്കി നിശ്‌ചയിക്കാം.

നിയമം പാലിക്കാത്ത ഹോട്ടലുകളുടെ റജിസ്‌ട്രേഷൻ ജില്ലാ അതോറിറ്റി റദ്ദാക്കി അതതു തദ്ദേശ സ്‌ഥാപനത്തെ അറിയിക്കും. അതോടെ അവർ നൽകിയ ലൈസൻസും റദ്ദാകും. ഈ തീരുമാനത്തിനെതിരെ സംസ്‌ഥാന അതോറിറ്റിയിൽ അപ്പീൽ പോകാം. 5000 രൂപ പിഴ ചുമത്തിയ ശേഷവും ഹോട്ടലുകൾ കുറ്റം തുടർന്നാൽ ദിവസം 250 രൂപ വീതം പിഴ ഈടാക്കും. അമിത വിലയ്‌ക്കും 5000 രൂപ പിഴയാണ്. കുറ്റം തുടർന്നാൽ ദിവസം 500 രൂപ വീതം പിഴ. നിയമത്തിലെ മറ്റു വ്യവസ്‌ഥകൾ ലംഘിച്ചാലും 500 രൂപ വരെ പിഴ ചുമത്താം.

ഭക്ഷ്യവകുപ്പ് തയാറാക്കിയ കരടു ബിൽ നിയമ വകുപ്പ് പരിശോധിച്ച് അന്തിമ രൂപം നൽകി. മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം ഓർഡിനൻസായി ഇറക്കുകയോ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുകയോ ചെയ്യും അതേസമയം നക്ഷത്ര ഹോട്ടലുകൾ,സർക്കാർ സ്‌ഥാപനങ്ങളും സ്വകാര്യ കമ്പനികളും സ്‌ഥാപനങ്ങളും നടത്തുന്ന കന്റീനുകൾ, ഹോസ്‌റ്റൽ എന്നിവയെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക