വ്യാപക പ്രതിഷേധം: ഹോപ് പ്ലാന്റേഷന് ഭൂമി നല്കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി

ബുധന്‍, 6 ഏപ്രില്‍ 2016 (14:30 IST)
മിച്ചഭൂമി പീരുമേട് ഹോപ് പ്ലാന്റേഷന് പതിച്ചു നല്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം റദ്ദു ചെയ്യാന്‍ തീരുമാനിച്ചത്. ഹോപ് പ്ലാന്റേഷന് ഭൂമി നല്കിയാല്‍  മറ്റു പ്ലാന്റേഷനുകള്‍ക്കും സമാനമായ രീതിയില്‍ ആവശ്യം ഉന്നയിക്കാന്‍ കഴിയുകയും അതിനു സര്‍ക്കാര്‍ വഴങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നത് ലക്‌ഷ്യം വെച്ചാണ് സര്‍ക്കാര്‍ തീരുമാനം റദ്ദു ചെയ്തത്.
 
പീരുമേട്ടിലെ ഹോപ്പ് പ്ലാന്റേഷന്‍ കമ്പനിക്ക് 750 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കൈമാറിയിരുന്നു. എന്നാല്‍, ഭൂമി കേരളം പദ്ധതിപ്രകാരം പീരുമേട് താലൂക്കില്‍ മാത്രം നിരവധി പേരാണ് അപേക്ഷ നല്കി ഭൂമിക്കായി കാത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹോപ് പ്ലാന്റേഷന് അനുകൂലമായി സര്‍ക്കാര്‍ നടപടി എടുത്തത് വിവാദമായി. ഇതിനെ തുടര്‍ന്നാണ് അനുമതി റദ്ദു ചെയ്തത്.
 
പീരുമേട്ടില്‍ സോണിയ ഗാന്ധി വന്ന് ആയിരുന്നു ഭൂമി കേരളം പദ്ധതി ഉത്ഘാടനം ചെയ്തത്. പദ്ധതിപ്രകാരം ആയിരത്തിലധികം പേര്‍ക്ക് ഭൂമി നല്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, കടലാസ് മാത്രമാണ് ലഭിച്ചതെന്ന് അപേക്ഷ നല്കിയവരുടെ ഭാഗത്തു നിന്ന്  പ്രതിഷേധം ഉയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക