മദ്യക്ഷാമം മറികടക്കാന്‍ സകല അടവുകളുമായി സര്‍ക്കാർ; കള്ളുഷാപ്പുകളിൽ വിദേശമദ്യം നൽകും

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2017 (07:41 IST)
ദേശീയ പാതയോരത്തുള്ള മദ്യശാലകൾ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ വിധി സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. മദ്യക്ഷാമം മറികടക്കാൻ സകല മാർഗങ്ങളും പയറ്റിനോക്കുകയാണ് സർക്കാർ. ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നീ വിദേശമദ്യവില്‍പ്പനശാലകള്‍ അവ പ്രവര്‍ത്തിച്ച താലൂക്കിലെവിടേക്കും മാറ്റാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
 
സംസ്ഥാനത്തെ പകുതിയോളം മദ്യവിൽപ്പനശാലകളും പൂട്ടിയതിനാൽ ഇതിൽ നിന്നും ലഭിക്കുന്ന ആദായത്തിൽ നഷ്ടം വരാതിരിയ്ക്കാൻ സമയപരിധി മാറ്റിയിരിക്കുകയാണ്. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ 136 വില്പനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ രാത്രി ഒമ്പതുവരെയായിരുന്നു നിലവിലെ സമയം. 
 
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള കള്ളുഷാപ്പുകളില്‍ വിദേശമദ്യം വില്‍ക്കാമെന്ന നിര്‍ദേശം ആലോചനയിലാണെന്ന് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി സുധാകരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
Next Article