മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം: 3 വിദ്യാർഥികൾക്ക് കുത്തേറ്റു

അഭിറാം മനോഹർ

വെള്ളി, 21 മാര്‍ച്ച് 2025 (15:27 IST)
പെരിന്തല്‍മണ്ണ താഴേക്കാട് പിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 3 കുട്ടികള്‍ക്ക് കുത്തേറ്റു. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
 
 കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ 2 പേരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ക്കും സാരമായ പരിക്കുകളുണ്ട്. സ്‌കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ പ്രശ്‌നത്തില്‍ സസ്‌പെന്‍ഷന്‍ നേരിട്ട വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച പരീക്ഷയെഴുതാനായി സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
 
 സസ്‌പെന്‍ഷന്‍ നേരിട്ടതിനെ തുടര്‍ന്ന് പരീക്ഷ മാത്രം എഴുതാനായി സ്‌കൂളിലെത്തിയ വിദ്യാര്‍ഥി പരീക്ഷ കഴിഞ്ഞ ശേഷം മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് മൂന്ന് വിദ്യാര്‍ഥികളെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. നേരത്തെ അക്രമസ്വഭാവം കാണിച്ചതിനാല്‍ ഈ വിദ്യാര്‍ഥിയെ നേരത്തെ പോലീസ് താക്കീത് ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍