ബാറുകള്‍ക്ക് വേണ്ടി ചുമലില്‍ കയറി വെടിവെയ്‌ക്കേണ്ട, അങ്ങനെയെങ്കില്‍ തിരിച്ചും അറിയാം; മദ്യശാലകൾ തുറക്കാൻ പറഞ്ഞിട്ടില്ല - സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

ചൊവ്വ, 6 ജൂണ്‍ 2017 (17:07 IST)
ദേശീയ പാതയോരത്തെ ബാറുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ബാറുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോടതിയുടെ ചുമലില്‍ കയറി വെടിവെയ്‌ക്കേണ്ട. അങ്ങനെയെങ്കില്‍ തിരിച്ചും വെടിവെയ്ക്കാനറിയാം. ആരോട് ചോദിച്ചാണ് ബാറുകൾ തുറന്നതെന്ന് കോടതി ചോദിച്ചു.

മദ്യശാലകൾ തുറക്കുന്നതിനെതിരായി നൽകിയ ഹർജിയിൽ വിധി പറയും വരെ ബാറുകൾ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അപ്പീലുകളിൽ നാളെ കോടതി തീരുമാനം അറിയിക്കും.

ദേശീയ പാതയ്ക്കടുത്താണെങ്കിൽ അപേക്ഷ പരിഗണിക്കണമെന്നാണ് കോടതി നിർദേശിച്ചത്. ഇക്കാര്യത്തിൽ അവ്യക്തതയുണ്ടെങ്കിൽ സർക്കാരിന് കോടതിയെ സമീപിക്കാമായിരുന്നു. ദേശീയ പാതയെന്ന് മന്ത്രിക്കും സർക്കാരിനു ബോധ്യമുണ്ടായിരുന്നു. പിന്നെ എന്തിനാണ് ബാറുകൾ തുറന്നതെന്നും ഹൈക്കോടതി ചോദിച്ചു.

കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുത്. ദേശീയ പാതയില്‍ അല്ലെങ്കില്‍ അപേക്ഷ പരിഗണിക്കാനാണ് കോടതി നിര്‍ദേശിച്ചതെന്നും അല്ലാതെ മദ്യശാലകള്‍ എല്ലാം തുറക്കാന്‍ പറഞ്ഞിട്ടില്ല. ദേശീയപാതയെന്ന് എക്സൈസ് മന്ത്രിക്കറിയാമെങ്കിൽ എന്തുകൊണ്ട് ഉദ്യോഗസ്ഥർക്ക് അറിയില്ലെന്നും കോടതി ചോദിച്ചു.

ഹൈക്കോടതി ഉത്തരവ് പ്രകാരം ബാറുകൾ തുറക്കാൻ പോകുന്നെന്നു ചൂണ്ടിക്കാട്ടി കൊയിലാണ്ടി മുൻസിപ്പൽ കൗണ്‍സിലർ ഇബ്രാഹിംകുട്ടി നൽകിയ ഹർജിയിലാണ് സർക്കാരിനെതിരേ രൂക്ഷ വിമർശനമുണ്ടായത്. കോടതിവിധിയിൽ ദുരൂഹതയെന്ന വിഎം സുധീരന്‍റെ പരാമർശത്തിനെതിരേയും ഹൈക്കോടതി രംഗത്തെത്തി. ദുരൂഹത സൂക്ഷിച്ച് ഉപയോഗിക്കേണ്ട പദമെന്ന് കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക