പ്ലസ്‌ടുവിലെ ഹൈക്കോടതി വിധി ഇന്ന് മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. വിധിക്കെതിരേ അപ്പീല്‍ നല്‍കാനുള്ള തീരുമാനം മന്ത്രിസഭയെടുക്കാനാണ് സാധ്യത. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ ഇല്ലാത്ത സ്‌കൂളുകളുടെ അനുമതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനു പിന്നാലെ മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയിരുന്നു. അപ്പീല്‍ പോകുന്ന കാര്യം പരിഗണിക്കുമെന്നറിയിച്ചു. ഇടക്കാല ഉത്തരവില്‍ സ്‌റ്റേയാണ് സര്‍ക്കാരിന്റെ ലക്‌ഷ്യം. എജിയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാകും തീരുമാനം.
അനുവദിച്ച സ്‌കൂളുകളിലെയും ബാച്ചുകളിലെയും പ്രവേശന നടപടികള്‍ തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചിരിക്കുകയാണ്. അനുമതി റദ്ദാക്കപ്പെട്ട സ്‌കൂളുകളില്‍ പ്രവേശനം നടത്താതിരിക്കാന്‍ കൂടിയാണിത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് മന്ത്രിസഭ ഉപസമിതി അനുവദിച്ച സ്‌കൂളുകളാണിത്.