വിവാദങ്ങള്‍ പുകയുന്ന സംസ്ഥാന രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ആശങ്ക. കേരളത്തിലെ സ്ഥിതിയില്‍ ആശങ്ക അറിയിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണിയുമായി മുകുള്‍ വാസ്നികുമായും കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
അതേസമയം, സംസ്ഥാനത്തെ നിലവിലെ സാഹചര്യം സംബന്ധിച്ച് മുകുള്‍ വാസ്‌നിക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സരിത എസ് നായര്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഇന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.